സ്വദേശി യുവതിയെ കൊലപ്പെടുത്തിയ  ഇത്യോപ്യക്കാരി ജയിലില്‍ മരിച്ചു

കുവൈത്ത് സിറ്റി: ഒരു മാസം മുമ്പ് ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അന്തലൂസില്‍ സ്വദേശി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇത്യോപ്യക്കാരി ഹൃദയാഘാതംമൂലം മരിച്ചു. 
തെളിവെടുപ്പിനായി പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കിയതിനുശേഷം തിരിച്ചത്തെി സെന്‍ട്രല്‍ ജയിലിലേക്ക് പ്രവേശിക്കവെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ജയിലധികൃതരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിഭാഗമത്തെി മരണം സ്ഥിരീകരിച്ചതിനുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണ് സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കി. അന്തലൂസിലെ സ്വദേശി വീട്ടില്‍ ജോലിചെയ്തുവരുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് മരിച്ച ഇത്യോപ്യക്കാരി സ്പോണ്‍സറുടെ മകളായ ഫാതിമ അല്‍ഉതൈബിയെന്ന 24 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 
ഫാതിമ ഉറങ്ങുന്ന മുറിയില്‍ കയറി വാതിലടച്ചശേഷം കൃത്യം നിര്‍വഹിച്ച ഇത്യോപ്യക്കാരി കത്തികൊണ്ട് സ്വയം കുത്തിമരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ, ബഹളം കേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ച് മരിച്ചുകിടന്ന മകളെയും പിടയുന്ന വേലക്കാരിയെയുമാണ് കണ്ടത്. ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ പ്രതിയെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം ഈ ആഴ്ചയോടെയാണ് ഇവര്‍ക്കെതിരെ തെളിവെടുപ്പുകള്‍ ആരംഭിച്ചത്. കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന നിലക്ക് വധശിക്ഷതന്നെ ലഭിക്കാവുന്ന സാഹചര്യമാണ് തെളിഞ്ഞുവന്നിരുന്നത്. തെളിവെടുപ്പും കോടതിയിലെ നിയമനടപടികളും പൂര്‍ത്തിയാകുന്നതിനുമുമ്പ് പ്രതിക്ക് സ്വാഭാവിക മരണം സംഭവിച്ചതിനാല്‍ ഫാതിമ അല്‍ഉതൈബിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ്  അവസാനിക്കുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.