അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം:  മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍  17 ശതമാനം കുറവ് –ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനെക്കാള്‍ 17 ശതമാനത്തിന്‍െറ കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്‍െറ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍-വാര്‍ത്താ വിതരണ ഡിപ്പാര്‍ട്മെന്‍റ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിര്‍മാണം, കടത്ത്, വില്‍പന, ഉപയോഗം തുടങ്ങി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളുടെ തോതിലും അടുത്ത കാലത്ത് ഈ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 
ആന്‍റി നാര്‍കോട്ടിക് സെല്ലിന്‍െറ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് ആറു മില്യണ്‍  മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുക്കുകയും 7000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറ നേതൃത്വത്തില്‍ യുവാക്കളെ മയക്കുമരുന്ന് വിപത്തുകളില്‍നിന്ന് രക്ഷപ്പെടുത്തുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ചെറിയ കേസുപോലും അതീവ ഗൗരവമായി കാണുകയെന്ന സമീപനമാണ് മന്ത്രാലയത്തിനുള്ളത്. അതിനാല്‍, രാജ്യത്തെവിടെയാണെങ്കിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് മണത്തറിയാന്‍ ഇന്‍റലിജന്‍സ് വിഭാഗം സദാ ജാഗ്രതയിലാണ്. വിമാനത്താവളത്തിലൂടെ ഏത് പുതിയ രീതി സ്വീകരിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചാലും ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലൂടെ അത് പിടിക്കാന്‍ കഴിയുന്നു. 
അതേസമയം, മയക്കുമരുന്നിനെതിരെയുള്ള നീക്കം പൂര്‍ണമായി വിജയിക്കാന്‍ ജി.സി.സി രാജ്യങ്ങളുടെകൂടി സഹകരണം അത്യാവശ്യമാണെന്ന് ആദില്‍ അല്‍ഹശ്ശാശ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രബന്ധമുള്ള മയക്കുമരുന്ന് ലോബികള്‍ കുവൈത്ത് ഉള്‍പ്പെടെ മേഖലയെ വിപണന കേന്ദ്രമാക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാനായത്. ഈ പോരാട്ടത്തില്‍ സര്‍ക്കാറിന് പുറമെ കുടുംബത്തിനും  സന്നദ്ധ സംഘടനകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.