സര്‍ക്കാറിന് കൂടുതല്‍ അധികാരം: കായിക നിയമ ഭേദഗതിക്ക്  പാര്‍ലമെന്‍റ് അംഗീകാരം

കുവൈത്ത് സിറ്റി: രാജ്യത്തെ കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് ഇടപെടാന്‍ കൂടുതല്‍ അധികാരം നല്‍കുന്ന കായിക നിയമ ഭേദഗതിക്ക് പാര്‍ലമെന്‍റ് അംഗീകാരം. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അഞ്ചിനെതിരെ 46 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭേദഗതി ബില്‍ പാസായത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി എപ്പോള്‍ വേണമെങ്കിലും രാജ്യത്തെ കായിക സംഘടനകളും ക്ളബുകളും പിരിച്ചുവിടാന്‍ സര്‍ക്കാറിന് അനുമതി നല്‍കുന്നതാണ് സുപ്രധാന ഭേദഗതി. തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ടെങ്കിലും സര്‍ക്കാറിന്‍െറ തീരുമാനത്തിന് മുന്‍തുക്കം നല്‍കുന്ന ഭേദഗതിയാണിത്. 
കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഫിഫയും കുവൈത്തിന് കഴിഞ്ഞവര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. ഇതിന് അധികാരം നല്‍കുന്ന വകുപ്പുകള്‍ രാജ്യത്തെ കായികനിയമത്തില്‍നിന്ന് എടുത്തുമാറ്റണമെന്ന അന്താരാഷ്ട്ര കായികസംഘടനകളുടെ നിര്‍ദേശം അവഗണിച്ച് സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതിക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുതിര്‍ന്നിരിക്കുന്നതും പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിരിക്കുന്നതും. അതിനാല്‍തന്നെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്കും കുവൈത്ത് ഫുട്ബാള്‍ അസോസിയേഷനും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് റദ്ദാക്കപ്പെടാനുള്ള സാധ്യതയാണ് മങ്ങിയിരിക്കുന്നത്. 
നിലവിലെ സാഹചര്യത്തില്‍ കുവൈത്ത് ഫുട്ബാള്‍ ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാനാവാതെ വിഷമിക്കുമ്പോള്‍ ആഗസ്റ്റില്‍ റിയോ ഡേ ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സും കുവൈത്തിന് അന്യമാവാനാണ് സാധ്യത. അതിനിടെ, എട്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബജറ്റുകള്‍ക്ക് പാര്‍ലമെന്‍റ് അനുമതി നല്‍കി. പബ്ളിക് മാന്‍പവര്‍ അതോറിറ്റി, പബ്ളിക് അതോറിറ്റി ഫോര്‍ അപൈ്ളഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ്, പബ്ളിക് അതോറിറ്റി ഫോര്‍ ഹാന്‍ഡികാപ്ഡ്, പബ്ളിക് കോംപന്‍സേഷന്‍ ക്ളെയിംസ് അതോറിറ്റി, എന്‍വയണ്‍മെന്‍റ് പബ്ളിക് അതോറിറ്റി, ഫയര്‍ സര്‍വിസ് ഡയറക്ടറേറ്റ്, കുവൈത്ത് യൂനിവേഴ്സിറ്റി, പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ എന്നിയുടെ ബജറ്റുകള്‍ക്കാണ് അംഗീകാരമായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.