പരിസ്ഥിതി നിയമലംഘനം  പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടി കര്‍ശനമാക്കി. ഇതിന്‍െറ ഭാഗമായി പരിസ്ഥിതി പൊലീസുമായി സഹകരിച്ച് ആറു പ്രത്യേക പരിശോധക സംഘങ്ങള്‍ക്ക് പരിസ്ഥിതി അതോറിറ്റി രൂപംനല്‍കി. ആറു ഗവര്‍ണറേറ്റുകളിലും പ്രത്യേക സംഘങ്ങളാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. അടുത്തിടെ പ്രാബല്യത്തില്‍വന്ന പരിസ്ഥിതി നിയമം ലംഘിക്കുന്നുണ്ടോ എന്ന നിരീക്ഷണത്തിനുപുറമെ നിയമലംഘനം പിടികൂടി നടപടിയെടുക്കാനുള്ള അധികാരവും ഈ സംഘങ്ങള്‍ക്കുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ശൈഖ് അബ്ദുല്ല അഹ്മദ് അല്‍ഹമൂദ് അസ്സബാഹ് അറിയിച്ചു. 
ചെടികള്‍, പൂവുകള്‍, പുല്ല് എന്നിവ പറിക്കുക, മരങ്ങള്‍ മുറിക്കുക, പൂന്തോട്ടങ്ങള്‍ നശിപ്പിക്കുക, മനുഷ്യോപയോഗത്തിന് പറ്റാത്ത ഫലങ്ങളും പഴവര്‍ഗങ്ങളും വെച്ചുപിടിപ്പിക്കുക, അത്തരം  സാധനങ്ങള്‍ വില്‍പന നടത്തുക, കേടുവന്ന പഴങ്ങളും പച്ചക്കറികളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക തുടങ്ങി പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയമലംഘനങ്ങളായാണ് കണക്കാക്കുക. ഇതോടൊപ്പം, പൊതുസ്ഥലത്തുള്ള പുകവലിയും പരിസ്ഥിതി നിയമലംഘനമാണ്. ചെടികളുടെയും സസ്യങ്ങളുടെയും സംരക്ഷണം മാത്രമല്ല, പക്ഷികളുള്‍പ്പെടെ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ അതേ പ്രകാരം സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കരയുടെയും കടലിന്‍െറയും അന്തരീക്ഷത്തിന്‍െറയും പ്രകൃതിദത്തമായ വ്യവസ്ഥ അതേപോലെ സംരക്ഷിക്കുകയെന്നതാണ് പരിസ്ഥിതി നിയമം -ശൈഖ് അബ്ദുല്ല അഹ്മദ് അല്‍ഹമൂദ് അസ്സബാഹ് പറഞ്ഞു. 
കഴിഞ്ഞ രണ്ടു മാസത്തിനിടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകള്‍ വഴി പിഴയായി 40,000 ദീനാറാണ് വിവിധ തരത്തിലുള്ള പരിസ്ഥിതി നിയമലംഘനങ്ങളുടെ പേരില്‍ ഈടാക്കിയതെന്ന് അടുത്തിടെ അധികൃതര്‍ അറിയിച്ചിരുന്നു. ഈ കാലയളവില്‍ വിവിധ ഭാഗങ്ങളിലായി 24 ഷോപ്പിങ് കോംപ്ളക്സുകള്‍, ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 20 ഹോട്ടലുകള്‍, ഒമ്പത് ഫാക്ടറികള്‍, നാലു വന്‍കിട ഹോട്ടലുകള്‍ എന്നിവക്കെതിരെയാണ് പരിസ്ഥിതി നിയമം പാലിക്കാത്തതിന് കേസെടുത്തത്. അതേസമയം, പുകവലിയുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനിടെ 520 നിയമലംഘനങ്ങള്‍ പിടികൂടിയിരുന്നു. വരുംദിവസങ്ങളില്‍ പുതിയ സംഘങ്ങള്‍കൂടി രംഗത്തിറങ്ങുന്നതോടെ പരിശോധന വ്യപകമാക്കുമെന്ന് ശൈഖ് അബ്ദുല്ല അഹ്മദ് അല്‍ഹമൂദ് അസ്സബാഹ് മുന്നറിയിപ്പ് നല്‍കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.