ഡി.എന്‍.എ ശേഖരണം: തീരുമാനം ചോദ്യംചെയ്ത് എം.പി രംഗത്ത്

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളുടെ ജനിതക സാമ്പിള്‍ (ഡി.എന്‍.എ ഡാറ്റാ ബാങ്ക്) ശേഖരിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത് ഫൈസല്‍ അല്‍ ദുവൈസാന്‍ എം.പി. ഇതുസംബന്ധിച്ച് അദ്ദേഹം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹിന് കത്തയച്ചു. നിയമം നടപ്പായതുമുതല്‍ ഇതുവരെ എത്രപേരുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചുവെന്ന് അദ്ദേഹം അന്വേഷിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍വരുകയും ചെയ്തു. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് കുറ്റാന്വേഷണ രംഗത്ത് പ്രയോജനപ്പെടുത്തുകയാണ് നിയമംകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സവാബിറിലെ ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം ഡി.എന്‍.എ ഡാറ്റാബാങ്ക് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.
തീവ്രവാദിവേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. ജനിതക സാമ്പിള്‍ ശേഖരണം പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും യു.എന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.