നാടുകടത്തല്‍ ശിക്ഷയും  കാത്തൊരു കുരങ്ങച്ചന്‍

കുവൈത്ത് സിറ്റി: ഇന്തോനേഷ്യയിലേക്ക് നാടുകടത്തല്‍ ശിക്ഷ കാത്ത് കുവൈത്തിലെ സര്‍ക്കാര്‍ വക മൃഗശാലയില്‍ കഴിയുകയാണ് ഈ കുരങ്ങച്ചന്‍. ചെയ്ത കുറ്റമെന്തെന്നോ? മയക്കുമരുന്ന് ഉപയോഗം. രണ്ടുമാസം മുമ്പാണ് പൊലീസിന്‍െറ വലയിലായത്. ഉടമയായ സ്വദേശിക്കൊപ്പം കാറില്‍ യാത്രചെയ്യുമ്പോള്‍ കാര്‍ അപകടത്തില്‍പെട്ടു. മയക്കുമരുന്ന് ഉപയോഗിച്ച് കാര്‍ ഓടിക്കുമ്പോള്‍ ബോസ് ഒന്ന് കിറുങ്ങി. 
കാര്‍ എവിടെയോ പോയി ഇടിക്കുകയും ചെയ്തു. എന്തായാലും പൊലീസ് പൊക്കി. ബോസിനെ പൊലീസ് സ്റ്റേഷനിലേക്കും കുരങ്ങച്ചനെ മൃഗശാലയിലേക്കും മാറ്റി. പിന്നെയാണ് ട്വിസ്റ്റ്. മൃഗശാലയില്‍ സുലഭമായി ലഭിക്കുന്ന പാലും പഴവും ഐസ്ക്രീമുമൊന്നും പുള്ളിക്ക് പോര. കക്ഷിക്ക് ‘സാധനം’ കിട്ടണം. അത് കിട്ടാതെ വരുമ്പോഴുള്ള ഒരു വിറയല്‍, അതുതന്നെ പ്രശ്നം. തുടര്‍ന്ന് മൃഗശാല അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം അറിയിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. തന്നോടൊപ്പം ‘കൂട്ടുകാരനും’ സ്ഥിരമായി പൂശാറുണ്ടായിരുന്നെന്ന ഉടമയുടെ മൊഴിയാണ് കുരങ്ങിനെ നാടുകടത്തപ്പെടാനുള്ള കൂട്ടില്‍ കൊണ്ടത്തെിച്ചത്. 
മനുഷ്യരുമായി ഏറെ രൂപസാദൃശ്യമുള്ള ‘ഓറംഗറ്റാന്‍’ ഇനത്തില്‍പെട്ടതാണ് ഈ വാനരന്‍. ഇന്തോനേഷ്യയിലെ വനാന്തരങ്ങളിലാണ് ഇവയുടെ ആവാസകേന്ദ്രം. അന്താരാഷ്ട്ര വന്യജീവി സംരക്ഷണ ഉടമ്പടി പ്രകാരം ഇവനെ ഇന്തോനേഷ്യയിലേക്ക് നാടുകടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്തോനേഷ്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിരിക്കുകയാണു മൃഗശാല അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.