റോഡ് വികസന പദ്ധതികള്‍ ത്വരിതഗതിയില്‍: ഗതാഗതപ്രശ്നത്തിന് 2018ഓടെ  പരിഹാരമെന്ന് പൊതുമരാമത്ത് വകുപ്പ്

കുവൈത്ത് സിറ്റി: വിവിധ പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ ഗതാഗതക്കുരുക്കിന്  2018 അവസാനത്തോടെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അവാതിഫ് അല്‍ഗുനൈം പറഞ്ഞു. 
രാജ്യത്തെ വന്‍കിട റോഡ് വികസന പദ്ധതികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. പ്രധാന പാലങ്ങളുടെയും റൗണ്ടബൗട്ടുകളുടെയും എക്സ്പ്രസ്വേക്ക് സമാനമായി നിര്‍മിക്കുന്ന റോഡുകളുടെയും നിര്‍മാണ പുരോഗതിയെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍. പുതിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ രാജ്യത്തെ ഗതാഗതം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും. ഇതോടെ, പുതിയ താമസകേന്ദ്രങ്ങളിലേക്കും വ്യവസായ സ്ഥാപനങ്ങളിലേക്കുമുള്ള ഗതാഗതസൗകര്യം വര്‍ധിക്കും. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കം വേഗത്തിലാവും. സ്കൂളുകള്‍ തുറക്കുന്നതോടെ ആരംഭിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകുന്നതാണ്. റോഡുകളുടെ വികസനത്തിനായി 2014ല്‍ 228 മില്യന്‍ ദീനാറും 2015ല്‍ 375 മില്യന്‍ ദീനാറുമാണ് വകയിരുത്തിയത്. പുതിയ റോഡുകളും പാലങ്ങളും നിര്‍മിക്കുമ്പോഴുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പ്  മുനിസിപ്പാലിറ്റി, ആഭ്യന്തരമന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. 625 മില്യന്‍ ദീനാര്‍  ചെലവുവരുന്ന 17 വന്‍കിട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 
ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഒന്നാം റിങ് റോഡ് വികസനവും ദസ്മാന്‍ റോഡും ശാരിഅ് അബ്ദുല്ല വികസനങ്ങളും ഇതില്‍പെടും. ഈ രണ്ട് റോഡുകള്‍ക്ക് മാത്രമായി  32 മില്യന്‍ ദീനാറാണ് ചെലവുപ്രതീക്ഷിക്കുന്നത്. ശൈഖ് ജാബിര്‍ അല്‍ അഹ്മദ് പാലത്തിന്‍െറ 35 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 738 മില്യന്‍ ദീനാര്‍ ചെലവുപ്രതീക്ഷിക്കുന്ന ഈ പദ്ധതി 2018 നവംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ജഹ്റ റോഡിന്‍െറ നിര്‍മാണം 78 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. 
ജമാല്‍ അബ്ദുന്നാസര്‍ റോഡിന്‍െറ 58 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. 242 മില്യണ്‍ ദീനാര്‍ ചെലവുപ്രതീക്ഷിക്കുന്ന ഈ പദ്ധതി 2016 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 മില്യന്‍ ദീനാര്‍ ചെലവുപ്രതീക്ഷിക്കുന്ന മറ്റു 17 പദ്ധതികളുടെ പണിയും നടന്നുവരുകയാണ്. കൈറോ റോഡ് വികസനം, അഞ്ചാം റിങ് റോഡില്‍നിന്നുള്ള ശാഖ റോഡുകള്‍, നുവൈസീബ് റോഡ്, ഗള്‍ഫ് റോഡ്, വഫ്റ റോഡ്, സാല്‍മി റോഡ്, ഗൗസ് റോഡ് വികസനം എന്നിവയും ഇതില്‍പ്പെടും. ഭാവിയില്‍ 202 മില്യന്‍ ദീനാര്‍ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന മറ്റു 18 പദ്ധതികളും പൊതുമരാമത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്നുമുതല്‍ നാലുവരെയുള്ള റിങ് റോഡുകള്‍, ഡമസ്കസ് റോഡ്, മീന അബ്ദുല്ല റോഡ്, കബദ് റോഡ് എന്നിവകളുടെ വികസനം ഈ പദ്ധതിയില്‍വരും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.