വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: നടപടി കര്‍ശനമാക്കുന്നു

കുവൈത്ത് സിറ്റി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍വഴി ജോലിനേടുന്നത് തടയുന്നതിനുള്ള നടപടി കര്‍ശനമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. രാജ്യത്ത് ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിക്കുന്നതിനും ഡ്രൈവിങ്  ലൈസന്‍സ് കരസ്ഥമാക്കുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാക്കിയതിനാല്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന പ്രവണത വര്‍ധിച്ചതായി നാഷനല്‍ ബ്യൂറോ ഓഫ് അക്കാദമിക് അക്രഡിറ്റേഷന്‍ ഡയറക്ടര്‍ ഡോ. നൂരിയ അല്‍അവാദിയാണ് വെളിപ്പെടുത്തിയത്.
നിലവാരമില്ലാത്തതും കടലാസില്‍ മാത്രം നിലവിലുള്ളതുമായ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഉദ്യോഗാര്‍ഥികള്‍  ഹാജരാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ കുവൈത്ത് എംബസികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് എംബസി ഉത്തരവാദിയല്ല എന്ന നിലപാടാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതെന്ന് ഡോ. നൂരിയ പറഞ്ഞു. നടപടിക്രമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വ്യാജന്മാരെ തടയുകയാണ് ലക്ഷ്യം.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം അംഗീകരിക്കാത്ത സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കരുതെന്ന് വിദേശരാജ്യങ്ങളിലെ കുവൈത്ത് എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.