ഐ.എസ് ശൃംഖല തകര്‍ക്കാനായത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിതാന്ത ജാഗ്രതയിലൂടെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരശൃംഖല തകര്‍ക്കാനായത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിതാന്ത ജാഗ്രതമൂലം. റമദാനിലും ഈദിനോടനുബന്ധിച്ചും രാജ്യത്ത് ഭീകരാക്രമണത്തിന് ഐ.എസ് പദ്ധതിയിട്ടിരിക്കുന്നുവെന്ന സൂചന ലഭിച്ചതുമുതല്‍ സുരക്ഷ ശക്തമാക്കുകയും ആസൂത്രിതമായ ഓപറേഷനുകളിലൂടെ സംശയമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. 
ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹിന്‍െറയും അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിന്‍െറയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സുരക്ഷാസൈന്യത്തിന്‍െറ എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭീകരാക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കിയ പ്രത്യേക വിഭാഗത്തിന്‍െറ ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും ചെയ്തു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി റമദാനില്‍ പള്ളികളോടനുബന്ധിച്ചുള്ള ഇഫ്താര്‍ ടെന്‍റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഈദ്ഗാഹുകള്‍ക്കുവരെ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആസൂത്രിതമായ ഓപറേഷനുകളിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഐ.എസ് ശൃംഖല തകര്‍ത്തത്. 
ആദ്യ ഓപറേഷനില്‍ തലാല്‍ നായിഫ് രാജയാണ് പിടിയിലായത്. ഹവല്ലി ഗവര്‍ണറേറ്റിലെ ജഅ്ഫരി പള്ളിയും ആഭ്യന്തര മന്ത്രാലയം കേന്ദ്രവും ബോംബുവെച്ച് തകര്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിറിയയിലെ ഐ.എസ് ഉന്നത കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നും അവരുടെ നിര്‍ദേശപ്രകാരം റമദാന്‍ അവസാനത്തിലും ഈദിനോടനുബന്ധിച്ചും സ്ഫോടനങ്ങള്‍ തീരുമാനിച്ചിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. 
ഇതിനാവശ്യമായ സ്ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റും മെഷീന്‍ഗണ്ണും ഇറാഖ് അതിര്‍ത്തി വഴിയത്തെുന്ന ഐ.എസ് പ്രവര്‍ത്തകരില്‍നിന്ന് സ്വീകരിക്കാന്‍ തയാറായിരിക്കുകയായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. രണ്ടാമത്തെ ഓപറേഷനിലാണ് ഹസ്സ അബ്ദുല്ല മുഹമ്മദും മകന്‍ അലി മുഹമ്മദ് ഉമറും പിടിയിലായത്. ഹസ്സയുടെ പ്രേരണപ്രകാരം മറ്റൊരു മകന്‍ അബ്ദുല്ല മുഹമ്മദ് ഉമറാണ് ആദ്യം സിറിയയിലേക്ക് പോയി ഐ.എസ് നിരയില്‍ ചേര്‍ന്നത്. എന്നാല്‍, ഇയാള്‍ കൊല്ലപ്പെട്ടതോടെ ബ്രിട്ടനില്‍ പെട്രോളിയം എന്‍ജിനീയറിങ്ങിന് പഠിക്കുകയായിരുന്ന അലി മുഹമ്മദ് ഉമറിനെ ഹസ്സ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് സിറിയയിലേക്ക് പോകുകയുമായിരുന്നു. ഇവിടെ ഐ.എസ് നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളുടെ ചുമതലയായിരുന്നു അലി മുഹമ്മദ് ഉമറിന്. ഹസ്സയാവട്ടെ ഐ.എസ് അംഗങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും സംഘടനയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനാവശ്യമായ ക്ളാസുകളെടുക്കുന്നതിനും നേതൃത്വം നല്‍കി. ഇവരെക്കുറിച്ച് വിവരം ലഭിച്ച ആഭ്യന്തര മന്ത്രാലയം തന്ത്രപൂര്‍വം കുവൈത്തിലത്തെിച്ചശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാമത്തെ 
ഓപറേഷനില്‍ മുബാറക് ഫഹദ് മുബാറക്, അബ്ദുല്ല മുബാറക് മുഹമ്മദ് എന്നിവരെയും ഏഷ്യക്കാരനെയുമാണ് പിടികൂടിയത്. സംഘത്തിലുള്ള അറബ് വംശജന്‍ രാജ്യത്തിന് പുറത്താണ്. ഇയാളെ പിടികൂടാനായിട്ടില്ല. മുബാറക് ഫഹദ് മുബാറകിന്‍െറയും അബ്ദുല്ല മുബാറക് മുഹമ്മദിന്‍െറയും വഫ്റയിലുള്ള ഫാംഹൗസുകളില്‍നിന്ന് ലോഹപ്പെട്ടിയില്‍ ഒളിപ്പിച്ചനിലയില്‍ രണ്ട് കലാഷ്നിക്കോവ് തോക്കുകളും വെടിയുണ്ടകളും ഐ.എസ് പതാകയും കണ്ടെടുത്തു. 
പിടികിട്ടാനുള്ള അറബ് വംശജന്‍ വഴിയാണ് ആയുധങ്ങളും ഐ.എസ് പതാകയും ലഭിച്ചതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. കഴിഞ്ഞവര്‍ഷം ജൂണ്‍ 25ന് ശര്‍ഖ് സവാബിര്‍ ഇമാം സാദിഖ് മസ്ജിദില്‍ ചാവേര്‍ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തോടെയാണ് രാജ്യത്ത് ഐ.എസ് വ്യാപിച്ചുതുടങ്ങിയെന്ന ബോധ്യം സര്‍ക്കാറിനുണ്ടായത്.
 ഇതേതുടര്‍ന്ന് നടത്തിയ ശക്തമായ നീക്കങ്ങളുടെ ഫലമായി കഴിഞ്ഞ ജൂലൈയില്‍ വിവിധ ഓപറേഷനുകളിലായി ആദ്യം നാലും പിന്നീട് ആറും പേരടങ്ങിയ ഐ.എസ് ശൃംഖലകള്‍ തകര്‍ത്തിരുന്നു. അബ്ദലയിലെ ഫാംഹൗസില്‍നിന്ന് വന്‍ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു. ഈ കേസുകളില്‍ കോടതിയില്‍ വിചാരണ തുടരുകയാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.