താമസ നിയമലംഘകര്‍ക്ക് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന അവസരം ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തണം –എംബസി

കുവൈത്ത് സിറ്റി: താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കാനും രാജ്യം വിടാനും അവസരം നല്‍കി കുവൈത്ത് സര്‍ക്കാര്‍ നല്‍കിയ അവസരം ഇന്ത്യക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
സ്വയം തയാറായി മുന്നോട്ടുവരുന്ന താമസ നിയമലംഘകര്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കാനും രാജ്യം വിട്ടുപോകേണ്ടവര്‍ക്ക് അതിനും അവസരം നല്‍കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് ആവശ്യമായ സഹായം നല്‍കാന്‍ തയാറാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു. പിഴയടച്ച് നാട്ടില്‍പോകാന്‍ തയാറായി വരുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് എംബസി ചെയ്യുക. 
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ അതിനുള്ള പ്രത്യേക അപേക്ഷാ ഫോറം, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്‍െറ ആവശ്യമായ പേജുകളുടെ പകര്‍പ്പ്, അഞ്ച് ദീനാര്‍ കോണ്‍സുലാര്‍ ഫീ എന്നിവയുമായി എംബസിയെ സമീപിക്കണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ (22531716, 97229914), ബി.കെ. സിന്‍ഹ (97164067), മുഹമ്മദ് അഷ്ഫാഖ് (97164067) എന്നിവരെ ബന്ധപ്പെടാമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രത്യേക താമസ നിയമലംഘകര്‍ക്കുള്ള പ്രത്യേക ഇളവുകാലമോ പൊതുമാപ്പോ അല്ല. നേരത്തേ തന്നെ നിലനില്‍ക്കുന്ന സംവിധാനം ഒന്നുകൂടി എടുത്തുപറയുകയും പരമാവധി പേര്‍ അത് ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുകയുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ഹഷാഷ് ചെയ്തത്. എംബസിയിലെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംവിധാനവും നിലവിലുള്ളത് തന്നെയാണ്. ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തില്‍ എംബസി അത് വീണ്ടും ഇന്ത്യക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നുമാത്രം. പൊതുമാപ്പ് കാലംപോലെ പിഴയടക്കാതെ നാടുവിടാന്‍ അവസരമുണ്ടാവില്ളെന്ന് അധികൃതര്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കാലാവധിയും നിശ്ചയിച്ചിട്ടില്ല. പൊതുമാപ്പ് കാലത്ത് നിര്‍ത്തിവെക്കുന്ന, താമസനിയമ ലംഘകരെ കണ്ടത്തൊനുള്ള പരിശോധന അവസാനിപ്പിച്ചിട്ടില്ളെന്ന് മാത്രമല്ല, പൂര്‍വാധികം ശക്തമാക്കുകയും ചെയ്തു. 
ഇന്നലെ മഹ്ബൂലയില്‍നിന്ന് മാത്രം ആയിരത്തിലധികം പേരെയാണ് പിടികൂടിയത്. 
സ്വയം മുന്നോട്ടുവരാതെ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ പിഴ ഈടാക്കിയശേഷം വിരലടയാളം രേഖപ്പെടുത്തി, പിന്നീട് തിരിച്ചുവരാനാവാത്ത വിധം മാത്രമേ കയറ്റിവിടൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍  രാജ്യവ്യാപകമായി നടന്ന പരിശോധനയില്‍ പിടിയിലായ നിയമലംഘകരെ പൂര്‍ണമായും പിഴയടപ്പിച്ച് മാത്രമേ നാടുകടത്തുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.