കുവൈത്ത് സിറ്റി: അബ്ദലി ചാരസെല്‍ കേസിലെ പ്രതികള്‍ക്കെതിരെ തുടര്‍വിചാരണ നടത്തുന്നത് അപ്പീല്‍ കോടതി മാര്‍ച്ച് 15ലേക്ക് നീട്ടിവെച്ചു. അബ്ദുറഹിമാന്‍ അല്‍ദാരിമിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന അപ്പീല്‍ കോടതിയാണ് വിചാരണാ നടപടികള്‍ വീണ്ടും നീട്ടിയത്. ഒരു ഇറാനിയും 24 സ്വദേശികളും അടക്കം 25 പേരാണ് പ്രമാദമായ കേസിലെ പ്രതികള്‍. നിരവധി സിറ്റിങ്ങുകള്‍ക്ക് ശേഷം കുറ്റാന്വേഷണ കോടതി രണ്ടു പേര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഒന്നാം പ്രതിയായ സ്വദേശിക്കും 23ാം പ്രതിയായ ഇറാന്‍ വംശജനും മാത്രമാണ് കീഴ്കോടതി വധശിക്ഷ വിധിച്ചത്. 15 പ്രതികള്‍ക്ക് 15 വര്‍ഷം, മൂന്നു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം, ഒരു പ്രതിക്ക് ജീവപര്യന്തം, ഒരു പ്രതിക്ക് 10 വര്‍ഷം വീതം തടവും മറ്റു പ്രതികളെ വെറുതെ വിടാനുമാണ് കീഴ്കോടതി വിധിയുണ്ടായത്. ഇതിനെതിരെ ജനറല്‍ പ്രോസിക്യൂഷനാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. വന്‍ സുരക്ഷാ കാവലിലാണ് ഇന്നലെ സിറ്റിയിലെ അപ്പീല്‍ കോടതിയില്‍ വിചാരണ നടന്നത്. അതിനിടെ, തങ്ങള്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും പ്രതികള്‍ കോടതിക്കുമുന്നില്‍ നിഷേധിച്ചു. കടുത്ത പീഡനങ്ങള്‍ ഏല്‍പിച്ചതിനാല്‍ കീഴ്കോടതിയില്‍ തങ്ങള്‍ കുറ്റം സമ്മതിക്കേണ്ടിവരുകയായിരുന്നെന്നും പ്രതികള്‍ പറഞ്ഞു. ഇറാന്‍െറയും ഹിസ്ബുല്ലയുടെയും സഹകരണത്തോടെ രാജ്യത്ത് സ്ഫോടനങ്ങളും അതുവഴി അസ്ഥിരതയും ഉണ്ടാക്കാന്‍ ഇവര്‍ ശ്രമം നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.