വേലക്കാരിയെ മര്‍ദിച്ച് അവശയാക്കിയ സംഭവം:  സ്പോണ്‍സറായ വനിതാ ഡോക്ടര്‍ക്ക് മൂന്നരവര്‍ഷം തടവ്

കുവൈത്ത് സിറ്റി: തന്‍െറ വീട്ടിലെ വേലക്കാരിയെ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമാക്കിയ സ്പോണ്‍സര്‍ക്ക് സുപ്രീംകോടതി മൂന്നരവര്‍ഷം തടവും 5001 ദീനാര്‍ നഷ്ടപരിഹാരവും വിധിച്ചു. ആഫ്രിക്കന്‍വംശജയായ വേലക്കാരിയെ സ്ഥിരമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത സ്പോണ്‍സറായ കുവൈത്തി വനിതാ ഡോക്ടര്‍ക്കെതിരെ സുപ്രീംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സ്പോണ്‍സറുടെ പതിവായ ഉപദ്രവംകാരണം കണ്ണിന് കാഴ്ച പാതിനഷ്ടപ്പെട്ട വേലക്കാരിക്കുവേണ്ടി പ്രോസിക്യൂഷനാണ് കേസ് ഫയല്‍ ചെയ്തത്. നേരത്തേ കീഴ്കോടതി സ്പോണ്‍സറെ നിരപരാധിയായി വിട്ടെങ്കിലും വേലക്കാരിക്കുവേണ്ടി സൗജന്യമായി കേസ് ഏറ്റെടുത്തുനടത്താന്‍ മുന്നോട്ടുവന്ന അഡ്വ. മുഹമ്മദ് ജാസിം ദിഅ്ശി അപ്പീല്‍ കോടതിയില്‍ പരാതി നല്‍കി. ഒന്നിലേറെ സിറ്റിങ്ങുകള്‍ക്കുശേഷം സ്പോണ്‍സര്‍ക്കെതിരെ മൂന്നരവര്‍ഷം തടവും 5001 ദീനാര്‍ നഷ്ടപരിഹാരവും അപ്പീല്‍കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍കോടതിയുടെ വിധി പരമോന്നത കോടതിയും ശരിവെക്കുകയായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.