കുവൈത്ത് സിറ്റി: ആഗോളവിപണിയിലെ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യം സമീപഭാവിയില്‍ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച ചര്‍ച്ചക്കായി പാര്‍ലമെന്‍റ് സാമ്പത്തിക സമിതി യോഗം ചേരുന്നു. സമിതി വക്താവ് എം.പി ഫൈസല്‍ അല്‍ശായയാണ് ഇക്കാര്യം അറിയിച്ചത്.
ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് അസ്സാലിഹ് യോഗത്തില്‍ സംബന്ധിക്കും. സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്‍റിന് കീഴിലെ സാമ്പത്തിക സമിതി, സാമ്പത്തിക പരിഷ്കരണ ഏജന്‍സി എന്നിവയുടെ പ്രതിനിധികളും യോഗത്തിലുണ്ടാവും.
എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ തുറക്കുന്നതിന്‍െറ വേഗം വര്‍ധിപ്പിക്കുന്നതിനൊപ്പം പൊതുചെലവുകള്‍ വെട്ടിക്കുറച്ചും അവശ്യസേവനങ്ങളുടെ സബ്സിഡി നിയന്ത്രിച്ചും സാമ്പത്തിക അച്ചടക്കം കൈവരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി അനസ് അസ്സാലിഹ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, എം.പിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ഇന്ധന, വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ശിപാര്‍ശകളില്‍ പാര്‍ലമെന്‍റിന്‍െറ അനുമതി നേടാനാവാതെ സര്‍ക്കാറിന് താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടിവരികയായിരുന്നു.
സാമ്പത്തിക സമിതി വിഷയം ഒന്നുകൂടി പഠിച്ച് സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് സബ്സിഡി നിയന്ത്രണമടക്കമുള്ള സാമ്പത്തിക പരിഷ്കരണ നടപടികളില്‍ വ്യക്തത വരുത്തണമെന്നായിരുന്നു എം.പിമാരുടെ ആവശ്യം. വിഷയത്തില്‍ സാമ്പത്തിക സമിതി തുറന്ന ചര്‍ച്ച നടത്തണമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമും ആവശ്യപ്പെട്ടിരുന്നു.
മന്ത്രി അനസ് അസ്സാലിഹും തന്‍െറ സമാപന പ്രസംഗത്തില്‍ വിഷയം ഒരിക്കല്‍കൂടി പാര്‍ലമെന്‍റ് സാമ്പത്തിക സമിതിക്ക് വിടണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍റ് സമിതി സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിടു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.