കുവൈത്ത് എയര്‍വേയ്സ് ബാഗേജ് പരിധി: ഏപ്രില്‍ 30 വരെ പ്രത്യേക ഓഫര്‍

കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സില്‍ യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ചെങ്കിലും പരിമിത കാലത്തേക്ക് 46 കിലോ കൊണ്ടുപോകാമെന്ന പ്രത്യേക ഓഫര്‍ ഏര്‍പ്പെടുത്തി. ഈമാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്ന തരത്തില്‍ അമേരിക്കയൊഴികെ എല്ലാ സെക്ടറുകളിലേക്കുമുള്ള ഇകണോമിക് ക്ളാസിലെ ബാഗേജ് പരിധി 23 കിലോയുടെ ഒരു ബാഗ് മാത്രമായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍, ഏപ്രില്‍ 30 വരെ പ്രത്യേക ഓഫര്‍ പ്രകാരം 23 കിലോയുടെ രണ്ടു ബാഗ് കൊണ്ടുപോകാമെന്ന് കുവൈത്ത് എയര്‍വേയ്സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
മേയ് ഒന്നുമുതല്‍ പ്രത്യേക ഓഫര്‍ കാലാവധി അവസാനിക്കുകയും ബാഗേജ് പരിധി 23 കിലോയുടെ ഒരു ബാഗ് മാത്രമായി ചുരുങ്ങുകയും ചെയ്യും. അധിക ബാഗേജില്‍ 23 കിലോ വരെ കൊണ്ടുപോകുന്നതിന് 35 ദീനാര്‍ അധികം നല്‍കണം. ഇത്തരത്തില്‍ രണ്ടു ബാഗുകള്‍ അധികമായി കൊണ്ടുപോകാന്‍ 60 ദീനാറും മൂന്നെണ്ണത്തിന് 100 ദീനാറും നല്‍കണം. എന്നാല്‍, ഫസ്റ്റ് ക്ളാസ് യാത്രക്കാര്‍ക്ക് 32 കിലോ വീതമുള്ള രണ്ടു ബാഗുകളും ബിസിനസ് ക്ളാസ് യാത്രികര്‍ക്ക് 23 കിലോ വീതമുള്ള രണ്ടു ബാഗുകളും കൊണ്ടുപോകാം.
 കുട്ടികള്‍ക്ക് 10 കിലോ ആണ് ബാഗേജ് പരിധി. ഫസ്റ്റ് ക്ളാസിനും ബിസിനസ് ക്ളാസിനും 11 കിലോ വീതവും ഇകണോമിക് ക്ളാസിന് ഏഴു കിലോയുമാണ് ഹാന്‍ഡ് ബാഗേജ് പരിധി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.