ഹവല്ലിയില്‍ വ്യാപക റെയ്ഡ്; 89 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിനുവേണ്ടിയുള്ള രാജ്യവ്യാപക പരിശോധനയുടെ ഭാഗമായി ഹവല്ലിയില്‍ റെയ്ഡ്. 387 പേര്‍ പിടിയിലായി. സൂക്ഷ്മ പരിശോധനക്കുശേഷം 89 പേരെ കസ്റ്റഡിയിലെടുത്തു. ഇഖാമ നിയമലംഘനവുമായി ബന്ധപ്പെട്ട് 13 പേര്‍, വിവിധ കുറ്റകൃത്യങ്ങളിലെ മൂന്നു പ്രതികള്‍, സ്പോണ്‍സര്‍ മാറി ജോലി ചെയ്ത 33 പേര്‍, അനധികൃത വീട്ടുവേലക്കാരി മഖ്തബുകളില്‍നിന്ന് പിടികൂടിയ 27 പേര്‍, സിവില്‍ കേസിലുള്‍പ്പെട്ട രണ്ടുപേര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍ കേസ് കൊടുത്ത മൂന്നുപേര്‍, താമസരേഖകളില്ലാത്ത 18 പേര്‍ എന്നിവരെയാണ് വിശദമായ തെളിവെടുപ്പിനുശേഷം പിടികൂടി കൊണ്ടുപോയത്. ആഭ്യന്തരമന്ത്രാലയം പൊതു സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സമാന സ്വഭാവത്തില്‍ അഹ്മദി ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വിവിധ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളുമായും ബന്ധപ്പെട്ട് 27 പേരെ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക കുറ്റകൃത്യം നടത്തി ഒളിവില്‍ കഴിഞ്ഞ അഞ്ചുപേര്‍, ക്രിമിനല്‍ കുറ്റകൃത്യത്തിലെ ആറു പിടികിട്ടാപ്പുള്ളികള്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസ് കൊടുത്ത അഞ്ചുപേര്‍, ഇഖാമ കാലാവധി കഴിഞ്ഞ ഒരാള്‍, മയക്കുമരുന്ന് കൈവശംവെച്ച അഞ്ചുപേര്‍, അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാലുപേര്‍, മാരണ പ്രവൃത്തികളിലേര്‍പ്പെട്ട ഒരാള്‍ എന്നിങ്ങനെയാണ് പിടിയിലായത്. അഹ്മദി ഗവര്‍ണറേറ്റിലെ ജാബിര്‍ അലി, ഫിന്‍താസ്, ഫഹാഹീല്‍, മീന അബ്ദുല്ല, ഖൈറാന്‍, റിഖ, സബാഹിയ, ദഹ്റ് എന്നിവിടങ്ങളിലാണ് ഗവര്‍ണറേറ്റ് സുരക്ഷാ ഡിപ്പാര്‍ട്മെന്‍റ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല സഫാഹ് അല്‍ മുല്ലയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. സമാന്തരമായി ട്രാഫിക് വിഭാഗം ഈ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 29 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുകയുണ്ടായി. കസ്റ്റഡിയിലെടുത്തവരെ തുടര്‍നടപടികള്‍ക്കായി പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.