ഒളിമ്പിക് കമ്മിറ്റി, ഫുട്ബാള്‍ അസോ.ഭരണസമിതികള്‍ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയും കുവൈത്ത് ഫുട്ബാള്‍ അസോസിയേഷനും പിരിച്ചുവിട്ട് പബ്ളിക് അതോറിറ്റി ഫോര്‍ സ്പോര്‍ട്സ് (പി.എ.എസ്) ഉത്തരവായി. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചാണ് പിരിച്ചുവിടല്‍. പകരം രണ്ട് ഇടക്കാല കമീഷനുകളെ നിയോഗിച്ചിട്ടുണ്ട്.
 സ്പോര്‍ട്സ്, യുവജനക്ഷേമ മന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് അല്‍ ഹമൂദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പി.എ.എസ് ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ഹമൂദ് ഫലൈത്തിഹ് അറിയിച്ചതാണിക്കാര്യം. ബന്ധപ്പെട്ട മേഖലയില്‍ കുവൈത്തിനെ പ്രതിനിധാനംചെയ്യുക  ഇനി ഇടക്കാല കമീഷനായിരിക്കും. ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കേണ്ട ചുമതലയും കമീഷന് നല്‍കിയിട്ടുണ്ട്. ഒളിമ്പിക് കമ്മിറ്റിയെയും ലോക്കല്‍ ഫെഡറേഷനുകളെയും പിരിച്ചുവിടാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന തരത്തില്‍ ജൂലൈയില്‍ പാര്‍ലമെന്‍റ് നിയമഭേദഗതി വരുത്തിയിരുന്നു. അതിനിടെ, നേരത്തെ ലഭിച്ചിരുന്ന സൂചനകള്‍ ശരിവെച്ച് ശൈഖ് ഫഹദ് ജാബിര്‍ അല്‍ അലിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി തലവനായി നിയമിച്ചിട്ടുണ്ട്. ഫവാസ് അല്‍ ഹസാവിയെ കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റാക്കി നിയമിച്ചും ഉത്തരവായി.
 ശൈഖ് ഫഹദ് അല്‍ അലി നിലവില്‍ കുവൈത്ത് ബോക്സിങ് ആന്‍ഡ് റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റാണ്. അല്‍ ഖാദിസിയ സ്പോര്‍ട്സ് ക്ളബിന്‍െറ ബോര്‍ഡ് ചെയര്‍മാനായിരുന്ന അല്‍ ഹസാവി നോട്ടിങ്ഹാം ഫോറസ്റ്റ് ഫുട്ബാള്‍ ക്ളബ് വാങ്ങിയതിനെ തുടര്‍ന്നാണ് ചുമതലയൊഴിഞ്ഞത്. കായികമേഖലയില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിനെ സസ്പെന്‍ഡ് ചെയ്ത തീരുമാനം നിലനില്‍ക്കെയാണ് കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയും ഫുട്ബാള്‍ അസോസിയേഷനും പിരിച്ചുവിട്ടത്. 
വിലക്കിനെതിരെ 100 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വിസ് കോടതിയില്‍ കുവൈത്ത് നല്‍കിയ കേസ് തള്ളിയിരുന്നു. 
അന്താരാഷ്ട്ര സമിതികളുമായുള്ള ഏറ്റുമുട്ടല്‍ സജീവമാവുമെന്ന സൂചനയാണ് കമ്മിറ്റി പിരിച്ചുവിടലില്‍നിന്ന് ലഭിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.