ജലീബ് വികസനം: യുവാവിന്‍െറ ആശയത്തിന് സ്വദേശികളില്‍നിന്ന് വന്‍ പ്രതികരണം

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ സാന്നിധ്യംകൊണ്ട് പ്രശസ്തമായ ജലീബ് മേഖലയുടെ സമൂല വികസനത്തിന് സ്വദേശി യുവാവ് നാസര്‍ അല്‍ ബര്‍ഗഷ് സമര്‍പ്പിച്ച ആശയത്തിന് സ്വദേശികളില്‍നിന്ന് മികച്ച പ്രതികരണം. സോഷ്യല്‍ മീഡിയയിലും ചില അറബ് മാധ്യമങ്ങളിലും ഇത് ചര്‍ച്ചയായി. മേഖലയില്‍ ഇപ്പോള്‍ താമസിക്കുന്ന വിദേശികളെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്ന തൊഴിലാളി സിറ്റികളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ശേഷം ജലീബിനെ പ്രധാനമായി ആറു മേഖലകളായി തിരിക്കണമെന്നാണ് ഇതിനകം സര്‍ക്കാറിന് മുന്നില്‍ വിവിധ വികസന മാതൃകകള്‍ സമര്‍പ്പിച്ച് പ്രശസ്തനായ ബര്‍ഗഷിന്‍െറ അഭിപ്രായം. ജലീബില്‍നിന്ന് വിദേശികളെ ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ നേരത്തേ എടുത്ത തീരുമാനമാണ്. കായിക, വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ച് ജലീബില്‍ അതിനനുസൃതമായ സ്ഥാപനങ്ങളും കെട്ടിടങ്ങളും സ്ഥാപിക്കുക, സബാഹ് അല്‍ സാലിം യൂനിവേഴ്സിറ്റി, ജാബിര്‍ സ്പോര്‍ട്സ് സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരിട്ടും വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികള്‍ക്കും ക്ളബുകള്‍ക്കും നേരിട്ടല്ലാതെയും സഹായകരമായ തരത്തില്‍ മേഖലയെ ഉപയോഗപ്പെടുത്താന്‍ ഇത് വഴി സാധിക്കും. 
വിനോദ, ഹോട്ടല്‍ മേഖലയുടെ വളര്‍ച്ചക്കായി ജലീബില്‍ പ്രത്യേകം ഇടം കണ്ടത്തെണമെന്നതാണ് മറ്റൊരു നിര്‍ദേശം. ലോകോത്തര നിലവാരത്തിലുള്ള ഹോട്ടലുകളും വിനോദ കേന്ദ്രങ്ങളും കൂടുതല്‍ സ്ഥാപിച്ച് ഈലക്ഷ്യം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍െറ ധനകാര്യവകുപ്പ്  കാര്യാലയങ്ങളുടെ ചെറു തലസ്ഥാനമാക്കി ജലീബിനെ മാറ്റാന്‍ മേഖലയില്‍ പ്രത്യേകം ഇടം കണ്ടത്തെണമെന്നതാണ് മൂന്നാമത്തെ ആശയം. മേഖലയില്‍ കൂടുതല്‍ പുരാവസ്തു സൂക്ഷിപ്പ് കേന്ദ്രങ്ങളും കെട്ടിടങ്ങളും സ്ഥാപിക്കണമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവക്ക് സഹായകമാവുന്ന തരത്തിലുള്ള കേന്ദ്രങ്ങള്‍ മേഖലയില്‍ സ്ഥാപിക്കപ്പെടണമെന്നും നിര്‍ദേശമുണ്ട്. വന്‍കിട വാണിജ്യ സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും സ്ഥാപിക്കാനായി മേഖലയില്‍ പ്രത്യേക ഇടം നിര്‍ണയിക്കണമെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഹസാവിയ, അബ്ബാസിയ ഉള്‍പ്പെടുന്ന വിശാലമായ ജലീബ് മേഖലയുടെ സമ്പൂര്‍ണ വികസനം ലക്ഷ്യമാക്കി 2011ല്‍ അന്നത്തെ മുനിസിപ്പല്‍ കാര്യമന്ത്രി ഡോ. ഫാദില്‍ സഫര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സാങ്കേതികവും അല്ലാത്തതുമായ കാരണത്താല്‍ ഇതുവരെ അത് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അനധികൃത കെട്ടിടങ്ങളും അതിലേറെ അനധികൃത താമസക്കാരും വ്യാപിച്ചുകിടക്കുന്ന ജലീബ്, രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒന്നമതായി എണ്ണപ്പെടുന്ന പ്രദേശംകൂടിയാണ്. ഈ സാഹചര്യത്തിലാണ് സ്വദേശി യുവാക്കളുടെ അഭിരുചിക്കും തൊഴില്‍സാധ്യതകള്‍ക്കും യോജിച്ചതരത്തില്‍ മേഖലയെ പരിവര്‍ത്തിപ്പിക്കണമെന്ന ആശയവുമായി നാസര്‍ അല്‍ ബര്‍ഗഷ് രംഗത്തുവന്നത്. അതേസമയം, ഈ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നത് തങ്ങളെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.