മീറ്ററില്ലാത്ത ടാക്സികള്‍  പിടിച്ചെടുക്കുമെന്ന് വാണിജ്യമന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് മീറ്ററില്ലാതെ ഓടുന്ന ടാക്സികള്‍ പിടിച്ചെടുക്കുമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. 
മീറ്ററില്‍ കൃത്രിമം കാണിച്ചാലും അമിത നിരക്ക് ഈടാക്കിയാലും  ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇന്ധനവില വര്‍ധനവിന്‍െറ പേരില്‍ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ളെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
ഇനിമുതല്‍ രാജ്യത്തെ നിരത്തുകളില്‍ മീറ്ററില്ലാ ടാക്സികള്‍ ഉണ്ടാകില്ളെന്ന് വ്യക്തമാക്കിയ വാണിജ്യ മന്ത്രാലയം മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 
മീറ്റര്‍ നിരക്കിനേക്കാള്‍ കൂടുതല്‍ യാത്രക്കാരില്‍നിന്ന് ഈടാക്കിയതായി കണ്ടത്തെിയാലും ഡ്രൈവര്‍മാര്‍ കുടുങ്ങും. കുവൈത്ത് നിയമ പ്രകാരം ഉപഭോക്തൃ സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കാനും പരിഷ്കരിക്കാനുമുള്ള അധികാരം വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിക്ഷിപ്തമാണ്. ടാക്സി നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയം പഠനം നടത്തിയിരുന്നു. പെട്രോള്‍ വില കൂടിയാല്‍ പോലും 450 കിലോമീറ്റര്‍ വരെ യാത്രചെയ്യാന്‍ പരമാവധി മൂന്നു ദീനാര്‍ മാത്രമേ ഫോര്‍ സിലിണ്ടര്‍ ടാക്സി കാറുകള്‍ക്ക് ഇന്ധന ചെലവ് വരുന്നുള്ളൂ എന്നായിരുന്നു പഠനസമിതിയുടെ വിലയിരുത്തല്‍. ഇത് മുന്‍നിര്‍ത്തി തല്‍ക്കാലം നിരക്കുവര്‍ധന ആവശ്യമില്ളെന്ന നിലപാടിലാണ് വാണിജ്യ മന്ത്രാലയം. 
പെട്രോള്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു.   
പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ടാക്സി എന്നിവയില്‍ ഇന്ധന വിലവര്‍ധനയുടെ പ്രതിഫലനം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. 
പെട്രോള്‍ വിലവര്‍ധന മറയാക്കി ടാക്സി കമ്പനികള്‍ അമിതചാര്‍ജ് ഈടാക്കാനുള്ള സാധ്യത മുന്നില്‍കണ്ട് നിയമം കര്‍ശനമാക്കാനും ചൂഷണം തടയുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കാനും ഇരുമന്ത്രാലയങ്ങളും ധാരണയായതായാണ് വിവരം. 

മലയാളികള്‍ ഉള്‍പ്പെടെ ടാക്സി ഡ്രൈവര്‍മാര്‍ക്ക് സന്തോഷം നല്‍കാത്ത തീരുമാനം
കുവൈത്ത് സിറ്റി: പെട്രോള്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികള്‍ ഉള്‍പ്പെടെ ടാക്സി ഡ്രൈവര്‍മാര്‍ക്ക് നിരാശ. മീറ്റര്‍ ഇല്ലാത്ത ടാക്സികള്‍ പിടിച്ചെടുക്കുമെന്ന വാണിജ്യ മന്ത്രാലയത്തിന്‍െറ തീരുമാനം ഇവര്‍ക്ക് ഇരട്ടിപ്രഹരമായി. 
കുവൈത്തില്‍ കമ്പനികളാണ് ടാക്സി ഉടമകള്‍. ഇവരില്‍നിന്ന് കരാര്‍ വ്യവസ്ഥയില്‍ വണ്ടിയെടുത്താണ് വ്യക്തികള്‍ ടാക്സി ഓടിക്കുന്നത്. ഇതിന് ദിനംപ്രതി കമ്പനിക്ക് നിശ്ചിത തുക നല്‍കണം. അഞ്ചുമുതല്‍ എട്ടു ദീനാര്‍ വരെയാണ് നിലവില്‍ ദിവസത്തിന് കമ്പനികള്‍ക്ക് നല്‍കുന്നത്. കൃത്യമായ നിരക്ക് നിശ്ചയിച്ചല്ല നിലവില്‍ ടാക്സിയോട്ടം. ആളുകള്‍ വിലപേശി തുകയുറപ്പിച്ചാണ് ടാക്സി വിളിക്കുന്നത്. ഇതനുസരിച്ച് മിനിമം 750 ഫില്‍സ് മുതല്‍ ഒരു ദീനാര്‍ വരെ ഈടാക്കുന്നു. എന്നാല്‍, മീറ്റര്‍ നിരക്കനുസരിച്ച് 150 ഫില്‍സ് ആണ് മിനിമം ചാര്‍ജ് എന്നും ഈ നിരക്കില്‍ ഓടിയാല്‍ മുതലാവില്ളെന്നുമാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഇന്ധനച്ചെലവും ജീവിതച്ചെലവും ഉയരുമ്പോള്‍ തങ്ങള്‍ പ്രതിസന്ധിയിലാവുമെന്നാണ് ഇവര്‍ പറയുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.