രാജ്യത്തെ കായിക സമിതികള്‍  ഉടച്ചുവാര്‍ക്കുന്നു

കുവൈത്ത് സിറ്റി: ആഭ്യന്തര കായിക സമിതികളുടെ ഭരണസംവിധാനം ഉടച്ചുവാര്‍ക്കാനൊരുങ്ങി കുവൈത്ത്. കുവൈത്ത് ഒളിമ്പിക് കമ്മിറ്റി, കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ എന്നിവ പിരിച്ചുവിട്ട് പകരം താല്‍ക്കാലിക സമിതിയെ കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്താനാണ് നീക്കം.
 ഇതുസംബന്ധിച്ച ഒൗദ്യോഗിക തീരുമാനം അടുത്ത ദിവസം ഉണ്ടാകുമെന്ന് അല്‍ ഖബ്സ് പത്രം റിപ്പോര്‍ട്ടു ചെയ്തു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍  അസോസിയേഷനും രാജ്യത്തെ കായികനിയമവുമായി യോജിച്ചുപോകാത്ത സാഹചര്യത്തിലാണ്   ഇരു സംഘടനകളുടെയും കുവൈത്ത് ഘടകങ്ങള്‍ പിരിച്ചുവിടാന്‍ ഭരണകൂടം ഒരുങ്ങുന്നത്. 
കുവൈത്ത് ഒളിമ്പിക് കമ്മിറ്റി, കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ എന്നിവ പിരിച്ചുവിട്ട് പകരം താല്‍കാലിക കമ്മിറ്റിക്കു അതത് സ്പോര്‍ട്സ് വിഭാഗങ്ങളുടെ ചുമതല നല്‍കുന്നതിനാണ് നീക്കം നടക്കുന്നത്. താല്‍ക്കാലിക കമ്മിറ്റിയുടെ കാലാവധി ചുരുങ്ങിയത് ആറുമാസമോ  പരമാവധി  രണ്ടു വര്‍ഷമോ ആയിരിക്കുമെന്നും അടുത്തദിവസംതന്നെ സ്പോര്‍ട്സ്യുവജനകാര്യ മന്ത്രാലയം ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സ്പോര്‍ട്സ് അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 
അന്താരാഷ്ട്ര സംഘടനകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഷൂട്ടിങ് ഫെഡറേഷന്‍ പോലുള്ള സമിതികളില്‍ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വത്തെ അവരോധിക്കാനും പദ്ധതിയുണ്ട്. 
കുവൈത്തിന്‍െറ നിലപാടുകള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നതായി കഴിഞ്ഞ ദിവസം ഐ.ഒ.സി കുറ്റപ്പെടുത്തിയിരുന്നു. ഏതായാലും അന്താരാഷ്ട്ര കായിക സമിതികളുടെ വിലക്ക് മുഖവിലക്കെടുക്കാതെ സ്വന്തംനിലക്ക് മുന്നോട്ടുപോകാന്‍തന്നെയാണ് കുവൈത്തിന്‍െറ തീരുമാനം എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.