കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികളുടെ ഇടത്താവളമാകുന്നതായി ആശങ്ക. ഈ വര്‍ഷം മാത്രം രേഖപ്പെടുത്തിയത് 1031 മയക്കുമരുന്ന് കേസുകള്‍. രണ്ടു കോടിയിലേറെ ലഹരി ഗുളികകള്‍ ഇക്കാലയളവില്‍ പിടികൂടി. 420 കിലോ കഞ്ചാവാണ് കഴിഞ്ഞ എട്ടുമാസത്തിനിടെ പിടികൂടിയത്. ആഭ്യന്തരമന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് അല്‍ അവാദിയാണ് കുവൈത്ത് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ വെളിപ്പെടുത്തിയത്.
വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ ലഹരിവിരുദ്ധ സേനയുടെ സമയോചിത ഇടപെടല്‍ മൂലം വിഫലമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 1374 പേരെ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും 235 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. കുവൈത്തിനെ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികള്‍ ഉന്നം വെക്കുന്നതായാണ് അടുത്തകാലത്തുനടന്ന മയക്കുമരുന്ന് വേട്ടകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം വിപത്തുകളില്‍നിന്ന് രാജ്യത്തെയും മേഖലയെയും രക്ഷിച്ചെടുക്കുന്നതില്‍ കുവൈത്ത് പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ആധുനിക പരിശോധനാ സംവിധാനങ്ങളും സമര്‍ഥരായ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കരുത്തു പകര്‍ന്ന ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ സബാഹ്, അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഫഹദ് എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ലോക രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും അല്‍ അവാദി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.