ഒളിച്ചോടിയ 18,385 പേരുടെ താമസം നിയമപരമാക്കാന്‍ അനുവാദം

കുവൈത്ത് സിറ്റി: സ്പോണ്‍സര്‍മാരുടെയും കമ്പനികളുടെയും ഭാഗത്തുനിന്ന് ഒളിച്ചോട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട രാജ്യത്തെ 18,385 വിദേശ തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസം നിയമപരമാക്കാന്‍ അനുമതി. ഏപ്രില്‍ ഒന്നിന് മുമ്പ് ഒളിച്ചോട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികള്‍ക്കാണ് അനുയോജ്യമായ മറ്റു തൊഴില്‍ വിസകളിലേക്ക് മാറാനോ അതേ സ്പോണ്‍സറുടെ കീഴില്‍ വിസ പുതുക്കാനോ അനുമതി നല്‍കുക.
 മാന്‍പവര്‍ അതോറിറ്റിക്ക് കീഴിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ. മദ്ലൂല്‍ അല്‍ദുഫൈരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്പോണ്‍സറുടെയോ കമ്പനിയുടേയോ കീഴില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളി നിശ്ചിത ദിവസങ്ങള്‍ ജോലിക്ക് വരാതിരുന്നാല്‍ അയാള്‍ക്കെതിരെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റില്‍ ഒളിച്ചോട്ടത്തിന് പരാതി നല്‍കാന്‍ തൊഴിലുടമക്ക് അവകാശമുണ്ട്.
 ഇത്തരത്തിലുള്ള കേസുകളില്‍ രാജ്യത്തുനിന്നുകൊണ്ടുതന്നെ താമസം നിയമപരമാക്കിമാറ്റാനുള്ള സംവിധാനം നേരത്തേയുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഏപ്രില്‍ ഒന്നിന് മുമ്പാണെങ്കില്‍ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച ആളാണെങ്കില്‍ പോലും ഈ ഇളവിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിലെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട പ്രത്യേക സമിതിയാണ് തൊഴിലാളിയുടെ പരാതിയില്‍ ആദ്യം തീരുമാനം കൈക്കൊള്ളുക.
 പ്രത്യേക സമിതിയില്‍നിന്ന് ലഭിക്കുന്ന അനുകൂല ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രാലയം തൊഴിലാളിക്ക് 14ാം ആര്‍ട്ടിക്ക്ള്‍ പ്രകാരമുള്ള താല്‍ക്കാലിക റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് നല്‍കു. ഈ കാലയളവില്‍ ഇത്തരം തൊഴിലാളികള്‍ക്ക് പഴയ സ്പോണ്‍സറുടെ കീഴില്‍ വിസ പുതുക്കുകയോ അതല്ളെങ്കില്‍ അനുയോജ്യമായ മറ്റു തൊഴില്‍ വിസകളിലേക്ക് മാറുകയോ ചെയ്യാമെന്ന് ഡോ. മദ്ലൂല്‍ അല്‍ ദുഫൈരി കൂട്ടിച്ചേര്‍ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.