ശൈഖ് അഹ്മദ് അല്‍ ഫഹദ് അസ്സബാഹിനെതിരെ ഫിഫ അന്വേഷണം

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണ കുടുംബാംഗവും മുന്‍ മന്ത്രിയും ലോക കായിക രംഗത്തെ അതികായന്മാരിലൊരാളുമായ ശൈഖ് അഹ്മദ് അല്‍ഫഹദ് അസ്സബാഹിനെതിരെ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ശൈഖ് അഹ്മദിന് ഏറെ സ്വാധീനമുള്ള ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തിന്‍െറ പേരിലാണ് അന്വേഷണമെന്ന് ബ്രിട്ടീഷ് പത്രമായ ‘ദ മെയില്‍’, ഡെന്മാര്‍ക്കിലെ ‘എക്സ്ട്രാ ബ്ളാഡെറ്റ്’ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ താന്‍ പിന്തുണക്കുന്ന ബഹ്റൈനിലെ ശൈഖ് സല്‍മാന് വോട്ട് ഉറപ്പാക്കാന്‍ കിര്‍ഗിസ്താന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ദസ്താന്‍ കോണോക്ബയേവിന് ശൈഖ് അഹ്മദ് ഇ-മെയില്‍ അയച്ചു എന്നാണ് ആരോപണം. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ (ഒ.സി.എ) പ്രസിഡന്‍റ് കൂടിയായ ശൈഖ് അഹ്മദ് മുതിര്‍ന്ന ഒ.സി.എ ഉദ്യോഗസ്ഥന്‍ ആമിര്‍ ഇലാമി വഴിയാണ് ഇ-മെയില്‍ അയച്ചതെന്നും കിര്‍ഗിസ്താനിലെ ഫുട്ബാള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി  ഫണ്ട് വാഗ്ദാനം ചെയ്തെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച രേഖകള്‍ ‘ദ മെയില്‍’, ‘എക്സ്ട്രാ ബ്ളാഡെറ്റ്’ പത്രങ്ങള്‍ ഫിഫക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി ഫിഫ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2000ത്തില്‍ കുവൈത്ത് ധനമന്ത്രിയും പിന്നീട് കുറച്ചുകാലം ആക്റ്റിങ് എണ്ണമന്ത്രിയുമായിരുന്ന ശൈഖ് അഹ്മദ് അല്‍ഫഹദ് അസ്സബാഹ് 1990 മുതല്‍ 2001 വരെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റായിരുന്നു. 1992 മുതല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗവുമാണ്. ആഫ്രോ ഏഷ്യന്‍ ഗെയിംസ് കൗണ്‍സില്‍ ചെയര്‍മാന്‍, ഇന്‍റര്‍നാഷനല്‍ ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ്, ഏഷ്യന്‍ ഹാന്‍ഡ് ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്, ഇസ്ലാമിക് സോളിഡാരിറ്റി സ്പോര്‍ട്സ് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ച ശൈഖ് അഹ്മദ് നിരവധി കുവൈത്ത്, അറബ്, ഏഷ്യന്‍ ക്ളബുകളുടെ ഓണററി പ്രസിഡന്‍റ് പദവിയും വഹിക്കുന്നു. മുന്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ അടുത്തയാളായി അറിയപ്പെടുന്ന ശൈഖ് അഹ്മദ് ബ്ളാറ്റര്‍ക്കുശേഷം ആ സ്ഥാനത്തേക്കുയരുമെന്നുവരെ കരുതപ്പെട്ടിരുന്നു. ഫിഫയിലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലുമുള്ള സ്വാധീനം മൂലം കിങ് മേക്കറായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ശൈഖ് അഹ്മദിന് പക്ഷേ അടുത്തകാലത്തായി മോശം സമയമാണ്.
കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്കും ഫുട്ബാള്‍ ഫെഡറേഷനും അന്താരാഷ്ട്രതലത്തില്‍ വിലക്കുകള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. ഒപ്പം, ദേശീയ രാഷ്ട്രീയത്തില്‍ വിവാദമായ ടേപ് സംഭവത്തിലും ശൈഖ് അഹ്മദ് പ്രതിക്കൂട്ടിലായിരുന്നു. ഇതുകൂടാതെ, ദേശവിരുദ്ധ പരാമര്‍ശം നടത്തിയതിന് ആറുമാസത്തെ തടവുശിക്ഷ കോടതി വിധിക്കുകയും ചെയ്തിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.