കുവൈത്ത് സിറ്റി: യമനില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുന$സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായുള്ള ചര്‍ച്ച തിങ്കളാഴ്ച കുവൈത്തില്‍ നടക്കും. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയില്‍ യമനില്‍ പോരാട്ടത്തിലുള്ള ഇരുവിഭാഗങ്ങളുടെ പ്രതിനിധികളും വിഘടിത വിഭാഗത്തിനെതിരെ സൈനികനീക്കം നടത്തുന്ന സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിക്കും.
യമനിലെ ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മായില്‍ വലദ് അശൈഖ് അഹ്മദിന്‍െറ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ച നടക്കുക. ചര്‍ച്ചയുടെ മുന്നോടിയായി ഈമാസം 10 മുതല്‍ യമനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ അത് ലംഘിക്കപ്പെടാതെ നോക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും സാധിച്ചു. വിശദമായ ചര്‍ച്ചയിലൂടെ യമന്‍പ്രശ്നം അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടികളെക്കുറിച്ചാണ് കുവൈത്തില്‍ നടക്കുന്ന സമാധാന സമ്മേളനത്തില്‍ ആലോചിക്കുകയെന്ന് ഇസ്മാഈല്‍ ഉല്‍ദ് ശൈഖ് അഹ്മദ് അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് സൗദിയും ഹൂതികളും തമ്മില്‍ അനുരഞ്ജനമുണ്ടാക്കുകയാണ് ആദ്യ ലക്ഷ്യം. തുടര്‍ന്ന്, പടിപടിയായി സമാധാനത്തിലേക്ക് രാജ്യത്തെ കൈപ്പിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കും. ജനവാസ പ്രദേശങ്ങളില്‍നിന്ന് സായുധസംഘങ്ങളെ പിന്‍വലിക്കുക, ആയുധങ്ങള്‍ അടിയറ വെക്കുക, തടവുകാരെയും കസ്റ്റഡിയിലെടുത്തവരെയും വിട്ടയക്കുക തുടങ്ങിയ നടപടികളും ചര്‍ച്ചയില്‍ കടന്നുവരും. യമനിലെ ഇരുസംഘങ്ങളുടെയും പ്രതിനിധികള്‍ കുവൈത്ത് ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വേണം.
ജനങ്ങളുടെ കഷ്ടപ്പാടിന് അറുതിയുണ്ടാവേണ്ടതുണ്ട്. സമാധാനശ്രമങ്ങള്‍ക്ക് ഞങ്ങള്‍ അനുകൂലമാണ് -യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മലിക് അല്‍മഖ്ലഫി വ്യക്തമാക്കി. ചര്‍ച്ചയില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുസ്സലാമും അഭിപ്രായപ്പെട്ടു. ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. 6,200 ഓളം പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. ഹൂതികളെ സഹായിക്കാന്‍ ഇറാനും രംഗത്തുണ്ടെന്ന ആരോപണം ശക്തമാണ്. സംഘര്‍ഷം മുതലാക്കി അല്‍ഖാഇദയും ഐ.എസും യമനില്‍ പിടിമുറുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കുവൈത്ത് സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. ഡിസംബറില്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് ജനീവയില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല. കുവൈത്തില്‍ നടക്കുന്ന ചര്‍ച്ച യമനിലും അതുവഴി മേഖലയിലും സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ജി.സി.സി രാജ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.