പാര്‍ലമെന്‍റില്‍ ചര്‍ച്ച തുടങ്ങി: ജല, വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമാക്കുന്നത്  അമിത ഉപയോഗം –മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് ജല, വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമായതിന് കാരണം അമിത ഉപയോഗമാണെന്ന് ജല, വൈദ്യുതി മന്ത്രി അഹ്മദ് അല്‍ജസ്സാര്‍. ജനങ്ങളുടെ അശ്രദ്ധമായ അമിത ഉപഭോഗം മൂലം ഉല്‍പാദിപ്പിക്കുന്ന ജലത്തിന്‍െറയും വൈദ്യുതിയുടെയും 30 ശതമാനത്തോളം പാഴാവുകയാണെന്ന് അടുത്തിടെ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റില്‍ വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 1966ല്‍ കിലോവാട്ടിന് രണ്ടു ഫില്‍സായി നിശ്ചയിച്ചശേഷം വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. 
എന്നാല്‍, വൈദ്യുതിയുടെയും ജലത്തിന്‍െറയും ഉപഭോഗം ഇക്കാലത്തിനിടക്ക് ഏറെ ഉയര്‍ന്നുകഴിഞ്ഞു. 2015ല്‍ വൈദ്യുതി ഉപഭോഗം 4800 കോടി കിലോവാട്ടും ജലഉപഭോഗം 14,000 കോടി ഗാലനുമാണ്. ഓരോ വര്‍ഷവും ഉപഭോഗം വന്‍തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും 2035 ആവുമ്പോഴേക്കും ഇവ യഥാക്രമം 14,500 കോടി കിലോവാട്ടും 44,900 കോടി ഗാലനുമായി ഉയരും. അതായത്, ഇപ്പോഴത്തേതിന്‍െറ മൂന്നിരട്ടിയലധികം. കഴിഞ്ഞവര്‍ഷം മാത്രം വൈദ്യുതി ഉല്‍പാദനത്തിനും ജലശുദ്ധീകരണത്തിനുമായി 2660 ദശലക്ഷം ദീനാറാണ് ചെലവഴിച്ചതെന്നും 2035 ആവുമ്പോഴേക്ക് ഇത് 800 കോടി ദീനാറായി ഉയരുമെന്നും മന്ത്രി പറഞ്ഞു. 
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അക്കാര്യത്തില്‍ ഇതുവരെ പാര്‍ലമെന്‍റില്‍ സമവായമുണ്ടായിട്ടില്ല. സര്‍ക്കാറും പാര്‍ലമെന്‍റ് ധനകാര്യസമിതിയും ഇക്കാര്യത്തില്‍ രണ്ടുതട്ടിലായതാണ് കാരണം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വൈദ്യുതിനിരക്ക് വര്‍ധനാ നിര്‍ദേശത്തില്‍ ഭേദഗതി ആവശ്യമാണെന്ന് പാര്‍ലമെന്‍റ് ധനകാര്യസമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിന് സര്‍ക്കാര്‍ തയാറായില്ല. ഇതോടെ, ഇരുകൂട്ടരും തങ്ങളുടെ നിര്‍ദേശങ്ങള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 
ഉപഭോക്താക്കളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതിനിരക്ക് വര്‍ധനാ ശിപാര്‍ശ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്. സ്വകാര്യ (സ്വദേശി) വീടുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് വീടുകള്‍ (വിദേശികള്‍ക്ക് വാടകക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്ട്മെന്‍റുകളും ഇതിലാണ് വരിക), വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയാണ് നാലുവിഭാഗങ്ങള്‍. സ്വദേശി വീടുകള്‍ക്ക് 3,000 കിലോവാട്ട് വരെ കിലോവാട്ടിന് മൂന്നു ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 6,000 മുതല്‍ 9,000 കിലോവാട്ട് വരെ 10 ഫില്‍സ്, 9,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വാടകവീടുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 1,000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, 1,000 മുതല്‍ 2,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 2,000 മുതല്‍ 3,000 കിലോവാട്ട് വരെ 10 ഫില്‍സ്, 3,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. വാണിജ്യസ്ഥാപനങ്ങള്‍ക്ക് കിലോവാട്ടിന് 19 ഫില്‍സായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് നിലവിലെ രണ്ടു ഫില്‍സ് തന്നെ തുടരാനാണ് ശിപാര്‍ശ. ഇതില്‍ സ്വദേശികളെ കൂടുതലായി ബാധിക്കുന്ന സ്വകാര്യ വീടുകളുടെ കാര്യത്തിലാണ് ധനകാര്യ സമിതി ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, മറ്റു മൂന്നു വിഭാഗങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുകയാണ് സമിതി ചെയ്തത്. ഇതോടെ, വിദേശികള്‍ക്ക് വാടകക്ക് നല്‍കുന്ന വീടുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്കുമെല്ലാം സര്‍ക്കാര്‍ നിര്‍ദേശിച്ച വന്‍ നിരക്കുവര്‍ധന സമിതിയും ശരിവെച്ചു. നിലവില്‍ എല്ലാ വിഭാഗം കെട്ടിടങ്ങള്‍ക്കും പരിധിയില്ലാതെ കിലോവാട്ടിന് രണ്ടു ഫില്‍സ് ആണ് വൈദ്യുതിനിരക്ക്. 6,000 കിലോവാട്ട് വരെ കിലോവാട്ടിന് നിലവിലെ രണ്ടു ഫില്‍സ് തുടരാനും 6,000 മുതല്‍ 12,000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, അതിനുമുകളിലുള്ളവര്‍ക്ക് 10 ഫില്‍സ് എന്നിങ്ങനെ വര്‍ധിപ്പിക്കാനുമാണ് സമിതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും പാര്‍ലമെന്‍റില്‍ തുടരും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.