42 ശതമാനം പേരും രാജ്യത്ത് പൊണ്ണത്തടിയന്മാരെന്ന് വെളിപ്പെടുത്തല്‍

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശികളില്‍ 42 ശതമാനം പേരും പൊണ്ണത്തടി കാരണം അമിതഭാരം അനുഭവിക്കുന്നവരാണെന്ന് വെളിപ്പെടുത്തല്‍. ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യകാര്യ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ. അബീര്‍ അല്‍ ബഹൂഹ് അല്‍ ഖബസ് ഓണ്‍ലൈന്‍ പോര്‍ട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രായവ്യത്യാസമില്ലാതെ സ്വദേശികളായ ആണുങ്ങളിലും പെണ്ണുങ്ങളിലും പൊണ്ണത്തടിയും അമിത വണ്ണവും അടുത്തകാലത്ത് കൂടിവരുന്നുണ്ട്. ഇതര ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ കുവൈത്ത് ഒന്നാം സ്ഥാനത്താണെന്നത് ഗൗരവത്തില്‍ കാണേണ്ടതാണ്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം പോലുള്ള പാരമ്പര്യരോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും പൊണ്ണത്തടിയും ശരീരത്തിന്‍െറ അമിതഭാരവും കാരണമാകും. 18 വയസ്സിന് മുകളിലുള്ളവരിലെ അമിത വണ്ണത്തില്‍ ഖത്തര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് കുവൈത്ത്. 
അതേസമയം, കുട്ടികളില്‍ കണ്ടുവരുന്ന അമിതവണ്ണത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കുവൈത്തിന്‍െറ സ്ഥാനം ഏറ്റവും മുകളിലാണെന്നാണ് പുതിയ പഠനം. ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍ പ്രകാരം രാജ്യത്തെ സ്വദേശികളില്‍ 54 ശതമാനംപേര്‍ ആവശ്യത്തിലും കൂടുതല്‍ ശരീരഭാരമുള്ളവരാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികള്‍, ഫാസ്റ്റ്ഫുഡ് സംസ്കാരം, വ്യായാമമില്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്ത് പൊണ്ണത്തിടിയും അമിതഭാരവും കൂടിവരാന്‍ കാരണം.  രാജ്യത്ത് 52 ശതമാനം സ്വദേശി കുട്ടികളും തുടര്‍ച്ചയായി നാലു മണിക്കൂര്‍ പ്രതിദിനം ടെലിവിഷന്‍ ചാനലുകള്‍ക്കുമുന്നിലും കമ്പ്യൂട്ടര്‍ ഗെയിമുകളിലും ചെലവഴിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. ശരീരമനങ്ങാതെയും വ്യായാമമില്ലാതെയും ഇത്രയും നേരം ഒരു ദിവസം ചെലവഴിക്കുന്നതാണ് കുട്ടികളെ തടിയന്മാരാക്കി മാറ്റുന്നതെന്നും അബീര്‍ അല്‍ ബഹൂഹ് കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.