സുരക്ഷ അതിശക്തം: ഹുസൈനിയകള്‍ക്ക് പുറത്ത് ആയുധവുമായി കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: മുഹര്‍റം ഒമ്പത്, പത്ത് ദിവസങ്ങളില്‍ ശിയാക്കളുടെ പ്രത്യേക ആചാരം കണക്കിലെടുത്ത് രാജ്യത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി. ശിയാക്കളുടെ ഹുസൈനിയ പരിപാടികള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയതിനേക്കാള്‍  കനത്ത സുരക്ഷയാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയത്. പ്രത്യേക ടെന്‍റുകളിലും മറ്റും മുഹര്‍റം ആചരണ പരിപാടികള്‍ നടക്കുമ്പോള്‍  ഹുസൈനിയകള്‍ക്ക് സമീപം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും പ്രകടനം നടത്തുന്നതിനും അധികൃതര്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സുരക്ഷാനടപടികള്‍ ഒന്നുകൂടി ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഹുസൈനിയകള്‍ക്ക് പുറത്ത് ആയുധവുമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വെടിവെക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങളില്ലാതെ തങ്ങളുടെ മുഹര്‍റം ആചരണ പരിപാടികള്‍ നടത്താന്‍ ഹുസൈനിയാ സംഘാടകര്‍ക്ക് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹുസൈനിയകള്‍ സുഗമമായി നടത്തുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാറിന്‍െറ തീരുമാനം. പുതിയ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെ തുടര്‍ന്ന് മുഹര്‍റം ഒന്നു മുതല്‍ തന്നെ രാജ്യത്ത് അധികൃതര്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.