250 കോടി യൂറോയുടെ കരാറുകള്‍ ഒപ്പുവെക്കും

കുവൈത്ത് സിറ്റി: ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന് ഊഷ്മള വരവേല്‍പ്. പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, വിദേശകാര്യമന്ത്രി ലോറാന്‍ ഫാബിയോസ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറി. വാണിജ്യ, വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംബന്ധിച്ച ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് ഫ്രാന്‍സിലെ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന കുവൈത്തി വിദ്യാര്‍ഥികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 
വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്ന കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും. 250 കോടി യൂറോയുടെ കരാറുകളിലാണ് ഒപ്പുവെക്കുകയെന്നാണ് സൂചന. പ്രതിരോധമേഖലയിലെ സഹകരണത്തിനും ആയുധവില്‍പനക്കുമുള്ള കരാറാണ് ഇതില്‍ പ്രധാനം. ജൂണില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് ലെവ്സ് ലെഡ്രെയിനിന്‍െറ കുവൈത്ത് സന്ദര്‍ശനത്തിനിടയില്‍ തീരുമാനമായ 24 ഹെലികോപ്ടറുകള്‍ സംബന്ധിച്ച കരാര്‍ ഇതിലുള്‍പ്പെടും. കൂടാതെ റെനോ കമ്പനിയുടെ വോള്‍വോ ട്രക് പ്രതിരോധ സംവിധാനം, 37 പട്രോള്‍ ബോട്ടുകള്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള ഉടമ്പടിയും ഒപ്പുവെക്കും. എലീസി പാലസിലായിരുന്നു ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹും ഫ്രാങ്സ്വ ഓലന്‍ഡും തമ്മിലുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളും പശ്ചിമേഷ്യയിലെ പ്രത്യേക വിഷയങ്ങളും ലോക കാര്യങ്ങളും ചര്‍ച്ചയായ കൂടിക്കാഴ്ച ഏറെ തൃപ്തികരമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സൈനിക, ശാസ്ത്ര-സാങ്കേതിക, സാംസ്കാരിക മേഖലകളിലെ പരസ്പര സഹകരണം മെച്ചപ്പെടുത്തേണ്ടതിന്‍െറ ആവശ്യകത ചര്‍ച്ചയില്‍ കടന്നുവന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ആരോഗ്യരംഗത്തെയും സാംസ്കാരിക മേഖലയിലെയും സഹകരണം സംബന്ധിച്ച് പ്രത്യേക ഉടമ്പടികള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും.  സുരക്ഷ, പ്രതിരോധ പങ്കാളിത്തത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കും -പ്രധാനമന്ത്രി അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ കുവൈത്തിന്‍െറ പങ്കിനെ ഓലന്‍ഡ് പ്രത്യേകം അഭിനന്ദിച്ചു. 
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അസ്സബാഹ്, അനസ് സാലിഹ്, സഹവിദേശകാര്യ മന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ജാറല്ല എന്നിവരെ കൂടാതെ കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെ.സി.സി.ഐ) പ്രതിനിധിസംഘവും പ്രധാനമന്ത്രിയോടൊപ്പമുണ്ട്.  ഫ്രാന്‍സിലെ കുവൈത്ത് അംബാസഡര്‍ സാമി അല്‍സുലൈമാന്‍, കുവൈത്തിലെ ഫ്രഞ്ച് അംബാസഡര്‍ ക്രിസ്ത്യന്‍ നെഖ്ലെ എന്നിവരും കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.