ഗള്‍ഫ് കപ്പും കുവൈത്തിന് നഷ്ടമായി

കുവൈത്ത് സിറ്റി: പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ ചൂണ്ടിക്കാട്ടി ലോക ഫുട്ബാള്‍ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഫിഫ) കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് (കെ.എഫ്.എ) വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം ഡിസംബറില്‍ നടക്കേണ്ട ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റും കുവൈത്തിന് നഷ്ടമായി. 23ാമത് ഗള്‍ഫ് കപ്പിന് കുവൈത്ത് ആതിഥ്യം വഹിക്കില്ളെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ബയാന്‍ പാലസില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. 
ഇക്കാര്യത്തില്‍ ഗള്‍ഫ് കപ്പ് സംഘാടക സമിതിയുടെ തീരുമാനം വരുന്നതിനുമുമ്പുതന്നെ കുവൈത്ത് പിന്മാറുകയായിരുന്നു. കെ.എഫ്.എ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവുന്നതിന് വിശദീകരണം ചോദിച്ച് കഴിഞ്ഞമാസം 25ന് ചേര്‍ന്ന ഫിഫ നിര്‍വാഹകസമിതിയാണ് കെ.എഫ്.എക്ക് കത്തയച്ചത്. ഈമാസം 15നകം കുവൈത്ത് തൃപ്തികരമായ മറുപടി നല്‍കിയില്ളെങ്കില്‍ വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതുപ്രകാരമാണ് ഈമാസം 16ന്  ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതി വിലക്ക് പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് ഫിഫയുമായും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുമായും (ഐ.ഒ.സി) കൂടിക്കാഴ്ചക്കായി സ്വിറ്റ്സര്‍ലന്‍ഡില്‍ പോയിരുന്ന കായികവിഭാഗത്തിന്‍െറ ചുമതലയുള്ള വാര്‍ത്താവിതരണ-യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. കുവൈത്തിലെ കായിക നിയമങ്ങള്‍ ഫിഫ ചട്ടങ്ങളുടെയോ ഒളിമ്പിക് ചാര്‍ട്ടറിന്‍െറയോ ലംഘനങ്ങളല്ളെന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായി മന്ത്രി വ്യക്തമാക്കി. കെ.എഫ്.എ അടക്കമുള്ള രാജ്യത്തെ എല്ലാ കായിക സംഘടനകളും സര്‍ക്കാര്‍ ഇടപെടലില്ലാതെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പാര്‍ലമെന്‍റിലെ യുവജനകാര്യ, കായിക സിമിതി ചെയര്‍മാന്‍ എം.പി അബ്ദുല്ല അല്‍മയൂഫിന്‍െറ നേതൃത്വത്തിലുള്ള സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഫിഫയുടെ തീരുമാനം കാര്യങ്ങള്‍ ശരിയായി വിലയിരുത്താതെയുള്ളതും ധൃതി പിടിച്ചുള്ളതുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, വിലക്ക് നിലവില്‍വന്ന സാഹചര്യത്തില്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാന്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് പബ്ളിക് അതോറിറ്റിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഫിഫയുടെയും ഐ.ഒ.സിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അതോറിറ്റി ശ്രദ്ധിക്കണമെന്ന് യോഗം ഉണര്‍ത്തി. അതിനിടെ, ഫിഫ വിലക്ക് അന്താരാഷ്ട്ര കായിക രംഗത്ത് രാജ്യത്തിന്‍െറ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണ് എന്നതിനാല്‍ ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ചനടത്താന്‍ പാര്‍ലമെന്‍റില്‍ പ്രത്യേക സെഷന്‍ വിളിച്ചുചേര്‍ക്കണമെന്ന് എം.പിയും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോയ പാര്‍ലമെന്‍റ് സമിതിയംഗവുമായ അബ്ദുല്ല അല്‍തുറൈജി ആവശ്യപ്പെട്ടു. രാജ്യത്തെ കായിക സംവിധാനത്തില്‍ സമൂലമാറ്റം വേണമെന്ന സന്ദേശമാണ് വിലക്ക് നല്‍കുന്നതെന്നും അതിനനുസരിച്ച് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ പാര്‍ലമെന്‍റിന് ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.