കുവൈത്ത് സിറ്റി: കുവൈത്തികള്‍ക്ക് ഇന്ത്യയില്‍ വന്നുപോകാന്‍ അഞ്ചുവര്‍ഷ കാലാവധിയുള്ള ഓപണ്‍ വിസ ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം പരിഗണിച്ചാണ് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച കൂട്ടത്തില്‍ ഓപണ്‍ വിസയും സ്വദേശികള്‍ക്കായി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യ-കുവൈത്ത് സമ്പര്‍ക്ക ദിനം’ എന്ന പേരില്‍ കുവൈത്ത് യൂനിവേഴ്സിറ്റിയിലെ സാഹിത്യവിഭാഗം സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കവെയാണ് അംബാസഡര്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച് പോകുന്നവര്‍ക്ക് മറ്റു രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലാത്ത നിരവധി ആനുകൂല്യങ്ങളും ഇളവുകളും ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധത്തിന് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കച്ചവട ആവശ്യങ്ങള്‍ക്കായി ചെറിയ രൂപത്തില്‍ തുടങ്ങിയ ആ ബന്ധം പിന്നീട് നയതന്ത്രതലത്തിലൂടെ എല്ലാ മേഖലകളിലേക്കും വളര്‍ന്ന് വികസിക്കുകയായിരുന്നു. ഇത് കൂടാതെ, നിരവധി കുവൈത്തി കുടുംബങ്ങള്‍ ഇന്ത്യയുമായി മെഡിക്കല്‍ തലത്തില്‍ നിരന്തരം ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള പ്രകൃതി ചികിത്സക്കും മറ്റുമായി ഇന്ത്യയെയാണ് കുവൈത്തികള്‍ ആശ്രയിക്കുന്നത്.
അത്തരം ആളുകള്‍ക്ക് നീണ്ട കാലാവധിയുള്ള ഓപ്പണ്‍ വിസ ഏര്‍പ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇടക്കിടക്ക് സന്ദര്‍ശനം നടത്തുന്നതിന് ഉപകാരപ്പെടും. വാണിജ്യ, സാംസ്കാരിക, ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും പുരോഗതികളും പരസ്പരം കണ്ട് മനസ്സിലാക്കാന്‍ അവസരം ഒരുക്കുകയും അതിലൂടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഇത്തരം ഇളവുകള്‍ പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ചില പൗരാണിക ഗ്രന്ഥങ്ങളുടെ ശേഖരം എംബസിയിലെ ഉന്നതസംഘം കുവൈത്ത് യൂനിവേഴ്സിറ്റി സാഹിത്യ വിഭാഗത്തിന് ഉപഹാരമായി നല്‍കി. കുവൈത്തിന്‍െറ ഇന്ത്യയിലെ അംബാസഡര്‍ ഡോ. അല്‍ഹിജ്ജി ഇന്ത്യന്‍ അംബാസഡറെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.