വര്‍ഗീയതയും നവ ഉദാരീകരണവും ഒന്നിച്ചെതിര്‍ക്കേണ്ടത് –പിണറായി

കുവൈത്ത് സിറ്റി: വര്‍ഗീയതയെയും നവ ഉദാരീകരണത്തെയും ഒന്നിച്ചെതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ട സമയമാണിതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയതക്കൊപ്പം നവ ഉദാരീകരണവും ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വര്‍ഗീയ അജണ്ടകളും കോര്‍പറേറ്റുകളും ഒന്നിച്ച് സമൂഹത്തിലെ ബഹുഭൂരിപക്ഷത്തെ ദുരിതത്തിലാക്കുന്ന അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നയങ്ങള്‍ക്കൊപ്പം ഭിന്നിപ്പിലൂടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് ആര്‍.എസ്.എസും മോദി സര്‍ക്കാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല കുവൈത്ത് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, തീര, മലയോര മേഖലകളിലെല്ലാം ജനങ്ങളുടെ ജീവിതം അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനുശേഷം കര്‍ഷക ആത്മഹത്യയില്‍ 26 ശതമാനം വര്‍ധനയുണ്ടായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞിട്ടും റിലയന്‍സിനെ സഹായിക്കുന്നതിനായി ഇന്ധനവിലയില്‍ കാര്യമായ കുറവ് വരുത്താന്‍ തയാറായിട്ടില്ല. അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍െറ പിന്‍മുറക്കാര്‍ തന്നെയാണ് ബി.ജെ.പിയെന്ന് ഒരു വര്‍ഷം പിന്നിട്ട ഭരണം തെളിയിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്കൂള്‍ കുട്ടികളുടെയും അങ്കണവാടിയിലെ കുട്ടികളുടെയും ഉച്ചഭക്ഷണത്തിനുള്ള തുകയടക്കം വെട്ടിക്കുറച്ചിരിക്കുന്നു.
 പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തിരുന്ന ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം, റെയില്‍വേയിലെ സ്വകാര്യവത്കരണമടക്കം കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍.  ജനങ്ങളില്‍നിന്നുയരുന്ന പ്രതിഷേധങ്ങളെ വര്‍ഗീയ വിഭജനത്തിലൂടെ ഇല്ലാതാക്കുകയെന്ന അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്‍െറ വിലയിരുത്തല്‍പോലും ആര്‍.എസ്.എസ് തലവന്‍ വിളിച്ചുകൂട്ടുന്ന യോഗത്തിലാണ് നടക്കുന്നത്. വര്‍ഗീയതയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നും അവരെ ശക്തമായി ചെറുത്ത് ഇല്ലാതാക്കുകയാണുവേണ്ടതെന്നാണ് ആര്‍.എസ്.എസ് നിര്‍ദേശം. വിദ്യാഭ്യാസ, സാംസ്കാരികമേഖലകളിലേക്കും ഫാഷിസം കടന്നുവരുകയാണ്. സ്വന്തം ചരിത്രം കാര്യമായി ഒന്നും പറയാനില്ലാത്തതിനാല്‍ ചരിത്രം തിരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അഡോള്‍ഫ് ഹിറ്റ്ലറില്‍നിന്ന് ആശയവും മുസോളിനിയില്‍നിന്ന് പ്രവര്‍ത്തനരീതിയും സ്വീകരിച്ച ആര്‍.എസ്.എസിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പോലും പങ്കെടുത്ത ചരിത്രമില്ല. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുമ്പോള്‍ ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ നിങ്ങളുടെ കൂടെയാണെന്ന് പറയുകയാണ് ആര്‍.എസ്.എസ് നേതാവ് ചെയ്തത്. കേരളരാഷ്ട്രീയം ഇപ്പോള്‍ അപകടാവസ്ഥയിലേക്ക് പോകുകയാണ്. ഏതുവിധേനയും ഭരണത്തുടര്‍ച്ചയുണ്ടാക്കാനുള്ള ഭരണപക്ഷത്തിന്‍െറയും അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പിയുടെയും ശ്രമങ്ങള്‍ സംയോജിക്കുമ്പോഴുണ്ടാകുന്ന അപകടകരമായ അവസ്ഥയെ കുറിച്ച് ബോധവാന്മാരാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 
കല കുവൈത്ത് പ്രസിഡന്‍റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. മനോജ് ഉദയപുരം, സത്താര്‍ കുന്നില്‍, ജോണ്‍ മാത്യു, ശുഭ ഷൈന്‍, എന്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.