ജലീബ് ശുയൂഖില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിന് ആക്കം കൂട്ടുന്നു

കുവൈത്ത് സിറ്റി:  നിര്‍ദിഷ്ട ഗോള്‍ഡന്‍ ട്രയാങ്കിള്‍ പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ജലീബ് ശുയൂഖ് പ്രദേശത്തുനിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടിക്ക്  സര്‍ക്കാര്‍ ആക്കം കൂട്ടുന്നതായി റിപ്പോര്‍ട്ട്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാതെ  ഗോള്‍ഡന്‍ ട്രയാങ്കിള്‍ പദ്ധതി നടപ്പാക്കാനാകില്ളെന്നാണ് ഇതുസംബന്ധിച്ച് പഠിക്കാന്‍ മന്ത്രിസഭ നിയോഗിച്ച സമിതിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടിക്ക് ആക്കം കൂട്ടുന്നതെന്ന് അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കുവൈത്ത് മലയാളികളുടെ സാംസ്കാരിക തലസ്ഥാനമായ അബ്ബാസിയ ഓര്‍മയാകും. രാജ്യത്തിന്‍െറ വികസന കുതിപ്പിന് മുതല്‍ക്കൂട്ടാകും എന്ന് കണക്കാക്കപ്പെടുന്ന ഗോള്‍ഡന്‍ ട്രയാങ്കിള്‍ പദ്ധതിക്ക് മൂന്നു വര്‍ഷം മുമ്പാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.  
വിമാനത്താവളം, കുവൈത്ത് സര്‍വകലാശാല, ജാബിര്‍ സ്റ്റേഡിയം എന്നിവയെ ബന്ധിപ്പിച്ച്  ജലീബിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരമാക്കി വികസിപ്പിക്കാനാണ് ഗോള്‍ഡന്‍ ട്രയാങ്കിള്‍ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, ബി.ഒ.ടി അടിസ്ഥാനത്തില്‍  നിര്‍മാണം ഏറ്റെടുക്കാന്‍ കമ്പനികള്‍  മുന്നോട്ടുവരാത്തതുകാരണം പദ്ധതി കടലാസില്‍ ഒതുങ്ങി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിന് കരാര്‍ ആവുകയും ജാബിര്‍ സ്റ്റേഡിയം, ഷദാദിയ സര്‍വകലാശാല എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗോള്‍ഡന്‍ ട്രയാങ്കിള്‍ പദ്ധതി നീണ്ടുപോകരുതെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്.  സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന വികസന സമിതിയോട് കഴിഞ്ഞദിവസം മന്ത്രിസഭ പദ്ധതി വൈകുന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒഴിപ്പിക്കല്‍ നടപടിക്ക് കെട്ടിട ഉടമകളുടെ വന്‍തോതിലുള്ള എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമനടപടികളിലൂടെ പ്രദേശം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന നിര്‍ദേശമാണ് വികസന സമിതി  മുന്നോട്ടുവെച്ചത്. മേഖലയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആദ്യം പൂര്‍ത്തിയാക്കണം എന്നും വികസനസമിതി സര്‍ക്കാറിനെ അറിയിച്ചതായാണ് വിവരം. കുവൈത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ ജലീബ് ശുയൂഖില്‍ നാലുലക്ഷത്തില്‍ പരം  താമസക്കാര്‍ ഉണ്ടെന്നാണ് കണക്ക്. 
സ്ഥലമേറ്റെടുക്കല്‍  ആരംഭിച്ചാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളെ ആയിരിക്കും. കുവൈത്തിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വാടകയും അഞ്ചോളം  ഇന്ത്യന്‍  സ്കൂളുകളുടെ സാന്നിധ്യവും ഈ പ്രദേശത്തെ മലയാളി സാന്ദ്രത വര്‍ധിപ്പിക്കുന്ന കാരണങ്ങളാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.