അവധിദിനം വര്‍ണാഭമാക്കി ഓണാഘോഷം

കുവൈത്ത് സിറ്റി: വാരാന്ത്യ അവധിദിനത്തില്‍ എത്തിയ ഓണം വിപുലമായി ആഘോഷിച്ച് മലയാളിസമൂഹം. നാട്ടിലേതിനേക്കാള്‍ വര്‍ണാഭമാക്കിയാണ് കുവൈത്തിലെ മലയാളി പ്രവാസി സമൂഹം ഓണം ആഘോഷിച്ചത്. 
അറബികളും പാശ്ചാത്യരും അടക്കം ആഘോഷങ്ങളില്‍ പങ്കാളികളായി. 20ലധികം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണസദ്യയും പുലിക്കളിയും ചെണ്ടമേളയും മയൂരനൃത്തവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു. വിവിധ കലാ- സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും പ്രാദേശിക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലുമാണ് ആഘോഷങ്ങള്‍ നടന്നത്. 
വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചതന്നെ തിരുവോണമത്തെിയത് പ്രവാസികളുടെ ആഘോഷം കൂടുതല്‍ ശക്തമാക്കി. പല അപ്പാര്‍ട്ട്മെന്‍റുകളിലും താമസക്കാര്‍ ഒന്നിച്ചുചേര്‍ന്നാണ് പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കിയത്. കുട്ടികളുടെ കലാപരിപാടികളും നടന്നു. ശനിയാഴ്ചയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓണാഘോഷത്തിന്‍െറ നിറവിലായിരുന്നു മലയാളി സമൂഹം. ലേബര്‍ ക്യാമ്പുകളില്‍ ഓണാഘോഷം പൊടിപൊടിച്ചു.  ഖറാഫി  നാഷനല്‍ കമ്പനിയുടെ  ബയാന്‍ പാലസ് ലേബര്‍ ക്യാമ്പില്‍ വര്‍ണാഭ ഘോഷയാത്രയോടെയാണ് ഓണാഘോഷം നടന്നത്. 500ലേറെ മലയാളികള്‍ താമസിക്കുന്ന ഖറാഫി ബയാന്‍ പാലസ് ക്യാമ്പിലെ താമസക്കാര്‍ തിരുവോണദിനത്തില്‍ ഒരുക്കിയ ഘോഷയാത്ര ഒരേസമയം വര്‍ണശബളവും കേരളത്തിലെ ഓണാഘോഷത്തെ ഓര്‍മിപ്പിക്കുന്നതുമായി. 
 മാവേലി വരവ്, പുലിക്കളി, പൂക്കാവടി, മയൂരനൃത്തം ചെണ്ടമേളം എന്നിവ  ഘോഷയാത്രയിലെ ആകര്‍ഷണമായിരുന്നു. പാഴ്വസ്തുക്കള്‍ ഉപയോഗിച്ച്  ക്യാമ്പില്‍ തന്നെ ഉണ്ടാക്കിയ കുട്ടിക്കൊമ്പനും ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. 
ഉത്രാടദിനത്തില്‍ തുടങ്ങിയ ആഘോഷത്തില്‍ വടംവലിയുള്‍പ്പെടെ നിരവധി മത്സരയിനങ്ങളും ഒരുക്കിയിരുന്നു. മാധവന്‍ പിള്ള,സുനില്‍ കുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ നേതത്വം നല്‍കി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഹോട്ടലുകളിലും വിപുലമായ സദ്യ ഒരുക്കിയിരുന്നു. 22 മുതല്‍ 28വരെ ഇനങ്ങളുണ്ടായിരുന്ന ഓണസദ്യ പാഴ്സലായും വിതരണം ചെയ്തിരുന്നു. രണ്ടര ദീനാര്‍ മുതല്‍ നാലു ദീനാര്‍ വരെയാണ് ഹോട്ടലുകളില്‍ ഈടാക്കിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.