ശുഐബ എണ്ണശുദ്ധീകരണശാല പുനരാരംഭിച്ചു

കുവൈത്ത് സിറ്റി: തീപിടിത്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ശുഐബ എണ്ണശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഞായറാഴ്ച 1,40,000 ബാരല്‍ എണ്ണ ശുദ്ധീകരിച്ചതായി കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി (കെ.എന്‍.പി.സി) ഡെപ്യൂട്ടി സി.ഇ.ഒ ഖാലിദ് അല്‍അസൂസി അറിയിച്ചു. ദിനംപ്രതി രണ്ടുലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കുകയെന്ന മുഴുവന്‍ ശേഷിയിലേക്ക് വരുംദിവസങ്ങളില്‍ ശുഐബ എണ്ണശുദ്ധീകരണശാല എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എണ്ണശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) സി.ഇ.ഒ നിസാര്‍ അല്‍അദ്സാനിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. കെ.എന്‍.പി.സി സി.ഇ.ഒ മുഹമ്മദ് ഗാസി അല്‍മുമൈരിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തത്തെിയിരുന്നു. തീപിടിത്തത്തെക്കുറിച്ചും അതിനുശേഷമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘം വിശദമായ അന്വേഷണം നടത്തി. ഈമാസം 17നാണ് ശുഐബ എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തമുണ്ടായത്. റിഫൈനറി പൈപ്പുകളിലൊന്നിലുണ്ടായ വാതകചോര്‍ച്ചയാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. തീ അധികം വൈകാതെ നിയന്ത്രണവിധേയമാക്കിയെങ്കിലും എണ്ണശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ശുഐബ എണ്ണശുദ്ധീകരണശാലയില്‍ വിവിധ തരത്തിലുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഗാസ്, നാഫ്ത, ഹൈഒക്ടേന്‍ ഗാസോലിന്‍, കിറോസീന്‍, ഏവിയേഷന്‍ ടര്‍ബൈന്‍ കീറോസീന്‍, ഡീസല്‍, മറൈന്‍ ഡീസല്‍, ഫ്യൂവല്‍ ഓയില്‍, സള്‍ഫര്‍ തുടങ്ങിയവ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.