വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ നിരക്കുകളില്‍ വന്‍വര്‍ധനക്ക് നീക്കം

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹന രജിസ്ട്രേഷനുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ ആക്കംകൂട്ടുന്നു. ട്രാഫിക് വകുപ്പിന്‍െറ ചുമതലയുള്ള ആഭ്യന്തരമന്ത്രാലയം തയാറാക്കിയ നിര്‍ദേശങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് അംഗീകാരം നല്‍കിക്കഴിഞ്ഞതായി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് ഉടന്‍ മന്ത്രിസഭയുടെ അനുമതിക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. പുതിയ ലൈസന്‍സ് ഇഷ്യു ചെയ്യുന്നതിന് നിലവില്‍ വിദേശികളില്‍നിന്ന് ഈടാക്കുന്നത് 10 ദീനാറാണ്. ഇത് 500 ദീനാറാക്കി ഉയര്‍ത്താനാണ് നിര്‍ദേശം. 
ഇപ്പോള്‍ ലൈസന്‍സ് പുതുക്കുന്നതിന് ഈടാക്കുന്ന അഞ്ചു ദീനാര്‍ 50 ദീനാറായും ഉയരും. സ്വദേശി വീടുകളിലെ ഡ്രൈവര്‍മാര്‍ക്ക് ഇത് ബാധകമായിരിക്കില്ല. 
പുതുതായി വാഹനം സ്വന്തമാക്കുന്നവര്‍ക്ക് ദഫ്തര്‍ ഇഷ്യു ചെയ്യുന്നതിനുള്ള ഫീസും ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നിരക്കും നിലവിലെ 10 ദീനാറില്‍നിന്ന് 250 ദീനാറുമാവും. ദഫ്തര്‍ പുതുക്കുന്നതിന്‍െറ ഫീസ് 10 ദീനാറില്‍നിന്ന് 100 ദീനാറുമാവും. ഈ നിര്‍ദേശം നടപ്പാവുകയാണെങ്കില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയാവും. ലൈസന്‍സ് എടുക്കുന്നതിന് 500 ദീനാര്‍ എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒരുനിലക്കും താങ്ങാനാവാത്ത നിരക്കാവും. 
രാജ്യത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വാഹനങ്ങളുടെ എണ്ണം കുറക്കുക മാത്രമാണ് പരിഹാരമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന് വിദേശികള്‍ക്ക് കര്‍ശനനിയമങ്ങള്‍ കൊണ്ടുവരികയാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്. 
ഇതിന്‍െറ ഭാഗമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പളപരിധിയും അടുത്തിടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മാസശമ്പളം 400 ദീനാറില്‍ കുറയാത്തവര്‍ക്കാണ് നേരത്തേ ലൈസന്‍സ് അനുവദിച്ചിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷാവസാനം അത് 600 ദീനാറായി ഉയര്‍ത്തി. ഇ
തോടൊപ്പം ചുരുങ്ങിയത് രാജ്യത്ത് രണ്ടുവര്‍ഷം താമസിച്ചയാളായിരിക്കുക, ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാവുക തുടങ്ങിയ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കുമാത്രമാണ് നിലവില്‍ ലൈസന്‍സ് അനുവദിക്കുന്നത്. 
ഡ്രൈവിങ് ലൈസന്‍സിന്‍െറ പരിധി ഇഖാമാ കാലാവധിയുമായി ബന്ധിപ്പിക്കുകയും ചെയ്തു. 
ഇതിനുപുറമെയാണ് ഇപ്പോള്‍ വിവിധ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.