മനാമ: പേന്റ് നടത്തിയതിന്റെ വ്യാജ സ്ക്രീൻഷോട്ടുകൾ നൽകി ജ്വല്ലറിയിൽ നിന്ന് 7000 ദിനാറിന്റെ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പൊലീസിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്കുപുറമെ ഒരു ജ്വല്ലറി ജീവനക്കാരനുമെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. വാട്ട്സ്ആപ് വഴിയാണ് വനിതാപ്രതി ജ്വല്ലറിയുമായി ബന്ധപ്പെട്ടത്. സ്വർണാഭരണങ്ങൾ വാങ്ങുന്നതിനായി ഇലക്ട്രോണിക് പേമെന്റ് നടത്തിയതിന്റെ വ്യാജ സ്ക്രീൻഷോട്ടുകൾ പ്രതി കടയുടമക്ക് അയച്ചുനൽകി. പേമെന്റ് നടന്നതായി വിശ്വസിച്ച് ജ്വല്ലറി ജീവനക്കാർ സ്വർണം കൈമാറുകയായിരുന്നു. എന്നാൽ, ഇതേ തട്ടിപ്പ് പലതവണ ആവർത്തിച്ചു. തുടർന്നാണ്, പേമെന്റ് സ്ഥിരീകരണങ്ങൾ വ്യാജമാണെന്നും യഥാർഥത്തിൽ പണം ലഭിച്ചിട്ടില്ലെന്നും ജ്വല്ലറി അധികൃതർക്ക് മനസ്സിലായത്. ഇത്തരത്തിൽ ആകെ 7000 ദിനാർ വിലവരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ജ്വല്ലറിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർനടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വ്യാജ സ്ക്രീൻഷോട്ടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.