പള്ളുരുത്തി സെന്റ് തെരേസാസ് സ്കൂളിൽ നടന്ന വസ്ത്ര സ്വാതന്ത്ര്യത്തിനുനേരെ നടന്ന വർഗീയമായ കടന്നുകയറ്റത്തെക്കുറിച്ച് ആലോചിച്ചപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്. ഒരു മുടിനാര് പോലും പുറത്തു കാണിക്കാതെയാണ് ഇതുസംബന്ധിയായ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സ്കൂൾ അധികൃതരിൽപ്പെട്ട വനിതകൾ പ്രതികരിച്ചത് എന്നത് വിശ്വാസ കാര്യങ്ങളിൽ എത്രമാത്രം സ്വാർഥത അവരെ പിടികൂടിയിരിക്കുന്നു എന്നു തെളിയിക്കുന്ന ഒന്നത്രെ.
താൻ ഉപയോഗിക്കുന്ന ശിരോവസ്ത്രം അതെ സ്കൂളിലെ ഒരു വിദ്യാർഥി ധരിച്ചാൽ അത് ആ പള്ളിക്കൂടത്തിലെ യൂനിഫോം നിയമങ്ങൾക്ക് എതിരെയാവുന്നു എന്നതുതന്നെ എത്രമാത്രം വിചിത്രമായ ന്യായമാണ്. വിവിധ ജാതിമത വിഭാഗങ്ങൾ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് ഒരു അധ്യാപികക്കോ പ്രിൻസിപ്പലിനോ പ്രവർത്തിക്കാമെങ്കിൽ യൂനിഫോമിനുപുറമെ അതെ നിറത്തിലുള്ള ഒരു ഷാൾ തലയിൽ ചുറ്റിയിടുന്നതിനെ ഇത്ര അസഹിഷ്ണുതയോടെ കാണുന്നവർക്ക് എങ്ങനെയാണ് യേശു ദേവന്റെ വിശുദ്ധ സ്നേഹത്തെപ്പറ്റി ആത്മാർഥയോടെ സമൂഹത്തോട് പറയാൻ കഴിയുക?
ഒരേ പോലെ സംഘ് പരിവാറിന്റെ ഹിറ്റ് ലിസ്റ്റിൽ പെടുന്ന രണ്ട് സമുദായങ്ങൾ അവരുടെ വളർച്ചക്കു വളമാകുന്ന തരത്തിൽ പ്രവർത്തിക്കുന്നത് സ്വയം കുഴി തോണ്ടുന്നതിനു തുല്യമല്ലേ എന്നു ചിന്തിക്കുന്നത് നല്ലതാണ്. മുസ്‍ലിം മാനേജ്മെന്റിന്റെ ഒരു സ്ഥാപനത്തിലും ഇത്തരമൊരു വിവേചനം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നിരിക്കെ പൊതുസമൂഹത്തിന്റെ മുന്നിൽ എത്ര കുടുസ്സായ ചിന്തയാൽ നയിക്കപ്പെടുന്നവരാണ് തങ്ങളെന്ന് സ്കൂൾ അധികൃതരും, അവരെ വംശീയ വെറി ഒന്നുകൊണ്ട് മാത്രം നിർലോഭമായി പിന്തുണക്കുന്നവരും ഒരു വിചിന്തനം നടത്തുന്നത് നന്നായിരിക്കും.
ഒരു സമുദായത്തെയും മാറ്റി നിർത്തിക്കൊണ്ട് ഇടകലർന്നു ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ അതിജീവനം അസാധ്യമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകേണ്ടതാണ്.
അവസാനമായി ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ശ്രീനിവാസൻ കഥാപാത്രം പറയുമ്പോലെ ഒരു വാക്ക് മാത്രം പറയുന്നു, കർത്താവിന്റെ മണവാട്ടിമാർ ശാന്തത കൈ വിടരുത്. ആരുടെയൊക്കെയോ ചട്ടുകമായി സ്നേഹത്തെക്കുറിച്ചല്ലാതെ വെറുപ്പ് പ്രചരിപ്പിക്കുന്ന തരത്തിൽ തരംതാഴരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.