മനാമ: ബഹ്‌റൈനിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി വൈകിയും വെള്ളിയാഴ്ച അതിരാവിലെയും നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, ഒക്ടോബർ 11 മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രവചനം. കാറ്റ് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറും. ഇടത്തരം വേഗത്തിൽ തുടങ്ങി ചില സമയങ്ങളിൽ ശക്തമാകുന്ന കാറ്റ്, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് അനുഭവപ്പെടുന്ന ഹ്യുമിഡിറ്റിയിൽനിന്ന് ഇത് ആശ്വാസം നൽകും.
ഈ കാലാവസ്ഥ മാറ്റം മിതമായ ശരത്കാല കാലാവസ്ഥയുടെ തുടക്കമാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഇത് താപനിലയെ കൂടുതൽ സുഖകരമാക്കുകയും കഴിഞ്ഞ ആഴ്ചകളിൽ അനുഭവിച്ച കനത്ത ഈർപ്പത്തിൽനിന്ന് ആശ്വാസം നൽകുമെന്നും അവർ വ്യക്തമാക്കി.
ഔദ്യോഗിക കാലാവസ്ഥ ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും വിശ്വസനീയമായ ചാനലുകളിലൂടെ പിന്തുടർന്ന് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. വടക്ക്-പടിഞ്ഞാറൻ കാറ്റ് തിരിച്ചെത്തുന്നതോടെ ബഹ്‌റൈൻ ആകാശം തെളിയാൻ തുടങ്ങും. ഇത് ശരത്കാലത്തിന്റെ തണുത്ത അന്തരീക്ഷം അടുത്തെത്തിയെന്ന സൂചന നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.