മനാമ: സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കും ഫ്രീലാൻസർമാർക്കും വേതന നഷ്ടപരിഹാര ഇൻഷുറൻസിനായുള്ള നിയമനിർമാണത്തിന് എം.പിമാരുടെ നിർദേശം. നിർബന്ധമല്ലാത്ത, എന്നാൽ താൽപര്യമുള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് ചേരാവുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്.
ഇതുപ്രകാരം 60 ശതമാനംവരെ വേതന നഷ്ടപരിഹാരം അനുവദിക്കും. ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ താൽക്കാലികമായി അവധിയെടുക്കേണ്ടിവരുന്ന സ്വതന്ത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക എന്നതാണ് എം.പി ജലാൽ കാദെം അൽ മഹ്ഫൂദ് അവതരിപ്പിച്ച നിർദേശത്തിന്റെ ലക്ഷ്യം. പദ്ധതി പ്രകാരം ഇത്തരം ഇൻഷുറൻസ് പോളിസിയിൽ ചേരുന്നവർക്ക് പ്രതിമാസ വേതനത്തിന്റ 60 ശതമാനം ലഭിക്കും. പരമാവധി 1000 ദീനാർവരെയാണ് ലഭിക്കുക. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകളോടെ സുഖം പ്രാപിക്കുന്നത് വരെ ഇൻഷുറൻസ് ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
ടാക്സി ഡ്രൈവർമാർ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ, കസ്റ്റംസ് ചരക്ക് ഡ്രൈവർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, ബോട്ട് ക്യാപ്റ്റന്മാർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുമെന്ന് അൽ മഹ്ഫൂദ് പറഞ്ഞു. പൊതുമേഖലയിലെ സ്വകാര്യ മേഖലയിലോ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ലഭിക്കുന്ന തരത്തിലുള്ള സുരക്ഷകൾ ഇത്തരക്കാർക്ക് ലഭിക്കുന്നില്ല. അവരുടെ വരുമാനം ജോലി ചെയ്യാനുള്ള അവരുടെശേഷി പോലെയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് അവർക്ക് രോഗമോ മറ്റ് അടിയന്തര സാഹചര്യമോ ഉണ്ടായാൽ വരുമാനം നിലക്കുന്ന അവസ്ഥയാകും.
കഠിനാധ്വാനികളായ ഇത്തരം ബഹ്റൈനികളെ പിന്തുണക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഈ നിയമം പുനഃപരിശോധനക്കായി സേവനസമിതിക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.