ആക്രമണത്തിൽ ഈസ്റ്റ് ഹിദ്ദിലും നാശനഷ്ടങ്ങൾ

മനാമ: ബഹ്‌റൈനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് ഈസ്റ്റ് ഹിദ്ദിലെ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതാ‍യി മുഹറഖ് മുൻസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് അൽ മുഖ്‌വി.പ്രദേശത്തെ രണ്ട് വീടുകൾക്കാണ് പ്രധാനമായും കേടുപാടുകൾ സംഭവിച്ചത്. ഒരു കെട്ടിടത്തിന്റെ പുറംഭാഗത്തെ ചുവരുകളുടെ ഭാഗങ്ങൾ താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിൽ വീഴുകയും കാറുകളുടെ ചില്ലുകൾ തകരുകയും ചെയ്തു.സ്ഫോടനത്തിന്‍റെ ആഘാതത്തിലും ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചും സമീപത്തെ മറ്റ് വീടുകളുടെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.

ആകാശത്തുവെച്ച് മിസൈലോ ഡ്രോണോ തകർക്കപ്പെട്ടതിനെത്തുടർന്ന് അതിന്‍റെ ഭാഗങ്ങൾ വീണാണ് നാശനഷ്ടമുണ്ടായതെന്ന് മുഹമ്മദ് അൽ മുഖ്‌വി പറഞ്ഞു. ഇതൊരു നേരിട്ടുള്ള ആക്രമണമായിരുന്നെങ്കിൽ കെട്ടിടങ്ങൾ പൂർണ്ണമായും തകരാനോ വലിയ തീപിടുത്തമുണ്ടാകാനോ സാധ്യതയുണ്ടായിരുന്നു. നേവൽ ബേസിന് സമീപമുള്ള പ്രദേശം ആയതിനാലാണ് ഇവിടത്തെ താമസസ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ പതിക്കാൻ കാരണമായത്. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. നിലവിൽ മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Damage also occurred in East Hidd in the attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-06 04:12 GMT