“അസ്‌തമിക്കാത്ത സൂര്യൻ”
കലാ സാംസ്‌ക്കാരിക സംഘാടകരംഗത്തെ അസ്‌തമിക്കാത്ത സൂര്യനാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ സൂര്യകൃഷ്ണമൂർത്തി. കേരളത്തിന്റെ സാംസ്‌ക്കാരിക ഭൂപടത്തിൽ സൂര്യ ശോഭ പടർത്തിയ, കലയെയും സംസ്ക്കാരത്തെയും ലോകത്തിന്റെ നെറുകയിലെത്തിച്ച അദ്ദേഹം തുടക്കം കുറിച്ച സൂര്യ ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിൽ ഒന്നാണ്. ശബ്ദവും വെളിച്ചവും കൊണ്ട് രംഗകലയ്ക്ക് പുതിയ ഭാഷ്യം ചമച്ച അദ്ദേഹം, മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആൻഡ് ഷോയുടെ ശിൽപ്പിയുമാണ്. പതിനായിരത്തിലധികം വേദികളിൽ അദ്ദേഹത്തിന്റെ ഈ കലാവിരുന്ന് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.
നാടക സംവിധാനത്തിന് രാഷ്ട്രപതിയുടെ ദേശീയ പുരസ്ക്കാരം, ലിംകബുക്ക് ഓഫ് റെക്കോർഡ്സിന്റെ മാൻഓഫ് ദി ഇയർ അവാർഡ്, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്ക്കാരം, കേരള സർക്കാരിന്റെ കേരളപ്രഭ പുരസ്ക്കാരം തുടങ്ങി നിരവധി അന്താരാഷ്ട്ര ദേശീയ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത അക്കാദമി ചെയർമാൻ എന്ന നിലയിൽ കേരളത്തിന്റെ സാംസ്‌ക്കാരിക മേഖലകളിൽ നിരവധി പരിഷ്ക്കാരങ്ങൾക്ക് തുടക്കമിടുകയും നിരവധി കലാ പ്രവർത്തകർക്ക് പലരീതിയിലുള്ള സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകുകയുമുണ്ടായി. നാടകകൃത്ത്, കഥാകൃത്ത്, സംവിധായകൻ, സിനിമാക്കാരൻ, സംഘാടകൻ, ആയിരകണക്കിന് കലാപ്രതിഭകളെ വളർത്തിയെടുത്തയാൾ, പതിനായിരകണക്കിന് ദേശീയ അന്തർ ദേശീയ പ്രോഗ്രാമുകൾ സംഘടിപ്പിച്ചയാൾ, ശാസ്ത്രജ്ഞൻ, നൂതനാശയക്കാരൻ ഏതു വാക്കുകൾ കൊണ്ട് സൂര്യ കൃഷ്ണമുർത്തിയെ വിശേഷിപ്പിക്കണമെന്നറിയില്ല.
ഗൾഫ് നാടുകളിൽ ഞാൻ സംവിധാനം ചെയ്ത് അവതരിപ്പിച്ച നിരവധി പ്രോഗ്രാമുകളിൽ പലപ്പോഴും ആർട്ടിസ്റ്റുകളെ അദ്ദേഹം സംഘടിപ്പിച്ചുതന്നിട്ടുണ്ട്. എന്റെ തന്നെ ഒരു പ്രോഗ്രാമിൽ മലയാളത്തിലെ രണ്ട് താരങ്ങൾ പ്രോഗ്രാമിന് വരാതെ ഞാൻ വിഷമിച്ചപ്പോൾ പ്രശ്നത്തിൽ ഇടപെട്ട് അഡ്വാൻസ് കൊടുത്തകാശും വിമാനടിക്കറ്റിന്റെ കാശും അദ്ദേഹം ഇടപെട്ട് തിരിച്ചുവാങ്ങി തന്നത് മറക്കാൻ കഴിയില്ല. പ്രിയപ്പെട്ട സൂര്യ കൃഷ്ണമുർത്തി സർ, താങ്കൾ യുഗ യുഗാന്തരങ്ങളോളം മലയാളി മനസ്സിൽ ജീവിക്കും. കലാ സാംസ്‌കാരിക രംഗത്തെ അസ്‌തമിക്കാത്ത സൂര്യനാണ് താങ്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.