പ്രവാസലോകത്ത് ദൂരെ ഇരിക്കുമ്പോഴും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വളർച്ചാഘട്ടങ്ങളിലൊന്ന് സമ്മാനിച്ച നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങൾ അടുക്കുമ്പോഴേക്കും ഗ്രാമം മുഴുവൻ ഒരു ഉത്സവത്തിന്റെ ആവേശത്തിൽ തിളക്കും. കറുപ്പും വെള്ളയും ചേർന്ന നോട്ടീസുകൾ കൈയിലേന്തി, പരിചയമുള്ള വഴികളിലൂടെ ആവേശത്തോടെ ഓടിനടന്ന ആ ചെറുപ്പകാലം ഇന്നും എന്റെ ഓർമയിൽ നിറം ചാർത്തുന്നുണ്ട്. രാത്രികാലങ്ങളിൽ വീടുകൾക്ക് മുന്നിൽ തടിച്ചുകൂടിയിരുന്ന രാഷ്ട്രീയ ചർച്ചകൾ, ഓരോരുത്തരും തങ്ങളുടെ സ്ഥാനാർഥിയെക്കുറിച്ച് പങ്കുവെച്ച ആത്മാർഥമായ വിശ്വാസവും ആവേശവും- അതൊരു ദൃശ്യാനുഭവം പോലെ ഇന്നും ഞാൻ കാണുന്നു.
എന്റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു 18ാം വയസ്സിൽ ആദ്യമായി വോട്ട് ചെയ്ത ആ ദിവസം. ഒരു അമൂല്യവസ്തുപോലെ കൈയിൽ മുറുകെപ്പിടിച്ച വോട്ടർ സ്ലിപ്, പോളിങ് ബൂത്തിലേക്ക് കയറിയപ്പോൾ മനസ്സിനെ പൊതിഞ്ഞ പേടിയും അതിലേറെ സന്തോഷവും ചേർന്ന ആ നിമിഷം... അത് ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞ ഒരു ചിത്രമായി നിലകൊള്ളുന്നു. പ്രചാരണ വാഹനങ്ങളുടെ അലർച്ച, വഴിയോരങ്ങളിൽ പരസ്പരം താങ്ങും തണലുമായ നാട്ടുകാർ, ജനാധിപത്യത്തിൽ പങ്കാളിയായതിന്റെ അടയാളമായി വിരലിൽ പതിഞ്ഞ മഷിപ്പാട്- ഈ കാഴ്ചകളും ഗന്ധങ്ങളുമെല്ലാം എന്റെ നാടിന്റെ ഹൃദയത്തുടിപ്പ് വീണ്ടും മനസ്സിൽ നിറക്കുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു അനുഭവമുണ്ട്. ഒരു തെരഞ്ഞെടുപ്പ് ദിവസം, വാർഡിലെ പ്രായം ചെന്ന ഒരച്ഛന് വേണ്ടി ഓപൺ വോട്ട് ചെയ്യാനായി അദ്ദേഹത്തോടൊപ്പം ഞാൻ പോളിങ് ബൂത്തിൽ പ്രവേശിച്ചു. എന്നെ കണ്ടതും എതിർപാർട്ടിയുടെ ബൂത്ത് ഏജന്റ്, എനിക്ക് വോട്ടറുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. ഉടൻ തന്നെ പ്രിസൈഡിങ് ഓഫിസർ, വോട്ടറോട് നേരിട്ട് എന്റെ പേര് പറഞ്ഞ്, "ഫാസിൽ എന്നയാൾ നിങ്ങൾക്കുവേണ്ടി ഓപൺ വോട്ട് ചെയ്യുന്നത് സമ്മതമാണോ?" എന്ന് ചോദിച്ചു.
നിമിഷനേരം പോലും ആലോചിക്കാതെ, ആ വോട്ടർ ഒറ്റ സ്വരത്തിൽ ഇങ്ങനെ പ്രതികരിച്ചു: "എനിക്ക് പെൻഷൻ ശരിയാക്കിത്തന്നത് അവനാണ്. എന്റെ വോട്ട് അവൻ ഓപൺ വോട്ടായി ചെയ്തോട്ടെ!" ആ വാക്കുകൾ എതിർപ്പുകളെ നിശ്ശബ്ദമാക്കി. ആ വൃദ്ധന്റെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ബലത്തിൽ, ഞാൻ അദ്ദേഹത്തിന്റെ വോട്ട് രേഖപ്പെടുത്തി സന്തുഷ്ടനായി മടങ്ങി. ഇന്ന് അന്യദേശത്തിന്റെ തിരക്കുകൾക്കിടയിൽ ഇരിക്കുമ്പോഴും, നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പ് കാലത്തെ ആ കുടുംബസൗഹൃദവും കൂട്ടായ്മയും തന്നെയാണ് എനിക്ക് ഏറ്റവും അധികം കുറവായി തോന്നുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.