മനാമ: കെ.ആർ. സുനിൽ എഴുതിയ ‘വെളിച്ചപ്പാടും പോക്കറ്റടിക്കാരും’ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നടന്നു.പുസ്തകം ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സാമൂഹിക പ്രവർത്തകനും ബി.എം.ബി.എഫ് ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായിക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്. ബഹ്റൈനിലെത്തിയ പുസ്തകരചയിതാവും ഫോട്ടോഗ്രാഫറും ‘തുടരും’ സിനിമയുടെ തിരക്കഥകൃത്തുമായ കെ.ആർ. സുനിൽ ബഹ്റൈൻ മലയാളി സമൂഹത്തിന്റെ ആദരം ഏറ്റുവാങ്ങി.
കെ.ആർ. സുനിലിന്റെ ഓരോ ചിത്രവും ഓരോ മനുഷ്യരുടെ ജീവിതത്തിന്റെ യഥാർഥ കഥയാണ്. ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചുക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും തുടങ്ങി അദ്ദേഹത്തിന്റെ രചനകളെല്ലാം വിവിധ മനുഷ്യരുടെ പച്ചയായ ജീവിതകഥകളും പരമ്പരകളുമാണ്.
‘ചിത്രങ്ങളും അവക്കു പിന്നിലെ കഥകളുമായി’ നടന്ന ചടങ്ങിൽ കെ.ആർ. സുനിൽ വിശദമായ വിവരണങ്ങൾ നൽകി സദസ്സിനെ പഴയകാല ചരിത്രത്തിലേക്ക് കൊണ്ടുപോയി. സാമൂഹിക, കലാ, സാംസ്കാരിക, സാഹിത്യരംഗത്തെ ഒട്ടേറെ പ്രമുഖരും ബിസിനസ് സ്ഥാപന രംഗത്തെ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.