എം.പി മുഹമ്മദ് ഹുസൈൻ ജനാഹി

ബഹ്റൈനിലെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗം; യോഗ്യതകൾ അവലോകനം ചെയ്യാൻ കേന്ദ്ര ദേശീയ കമ്മിറ്റി സ്ഥാപിക്കാൻ നിർദേശം

മനാമ: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെ കണ്ടെത്താനും ഭാവിയിൽ അതിനുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യാനുമുള്ള മാർഗം നിർദേശിച്ച് എം.പിമാർ. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ അക്കാദമിക് യോഗ്യതകൾ അവലോകനം ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമായി ഒരു കേന്ദ്ര ദേശീയ കമ്മിറ്റി സ്ഥാപിക്കാനാണ് പ്രതിനിധി കൗൺസിൽ അംഗമായ എം.പി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിൽ നിർദേശം സമർപ്പിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഒരു വിദേശ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണിത്. രാജ്യത്തെ തൊഴിൽ, അക്രഡിറ്റേഷൻ സംവിധാനത്തിലെ പഴുതുകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജനാഹി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സർക്കാർ ജോലി നേടുന്ന എല്ലാ വിദേശികളുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം, സിവിൽ സർവീസ് ബ്യൂറോ, വിദേശകാര്യ മന്ത്രാലയം എന്നിവയ്ക്കിടയിൽ ഒരു സംയുക്ത കേന്ദ്ര കമ്മിറ്റി രൂപീകരിക്കുക എന്നതാണ് നിർദ്ദേശം മുന്നോട്ടുവെക്കുന്നത്. നിലവിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എല്ലാ സർട്ടിഫിക്കറ്റുകളും വീണ്ടും ഓഡിറ്റ് ചെയ്യുക, ഏതെങ്കിലും നിയമനം, സ്ഥാനക്കയറ്റം അല്ലെങ്കിൽ കരാർ പുതുക്കൽ തുടങ്ങിയ സാഹചര്യങ്ങളിലും സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേ‍യമാക്കുക എന്നതുൾപ്പെടെ സമഗ്രമായ മേൽനോട്ട ജോലികൾക്ക് ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

വ്യാജ യോഗ്യതകളിലൂടെയോ വ്യാജ സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിലൂടെയോ നുഴഞ്ഞുകയറാനുള്ള ഏതൊരു ശ്രമത്തെയും നിരുത്സാഹപ്പെടുത്തേണ്ട ആവശ്യകത കണക്കിലെടുത്താണ് ഈ നടപടിയെന്നും ജനാഹി പറഞ്ഞു. ഇത്തരം നിയമങ്ങൾ മൂലം പൊതു ഫണ്ട് പാഴാകുന്നത് മാത്രമല്ല, വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിലെ പ്രകടനത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Use of fake certificates in Bahrain; Central National Committee to be set up to review qualifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.