മനാമ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടികൾ പ്രകാരം അമേരിക്കയിലേക്കുള്ള ബഹ്റൈൻ കയറ്റുമതികൾക്ക് 10 ശതമാനം താരിഫ് നേരിടേണ്ടിവരും. ചൈന, യൂറോപ്യൻ യൂനിയൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളടക്കം മറ്റു രാജ്യങ്ങൾക്കേർപ്പെടുത്തിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ നിരക്കുകളിലൊന്നായാണ് കണക്കാക്കുന്നത്.
ആഭ്യന്തര ഉൽപാദനം ഉയർത്തുക, ഇറക്കുമതി - കയറ്റുമതികളെ ആശ്രയിക്കുന്നത് കുറക്കുക എന്നതാണ് പുതിയ വ്യാപാര നടപടികൾ അമേരിക്ക പ്രഖ്യാപിച്ചത്. തീരുവ വർധിപ്പിക്കുന്നത് സർക്കാറിന്റെ വരുമാനം വർധിപ്പിക്കുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. 3.3 ലക്ഷം കോടി ഡോളറിന്റെ ഇറക്കുമതി അമേരിക്ക നടത്തുന്നുവെന്നാണ് കണക്ക്. ഇതിന് ശരാശരി 25 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമ്പോൾ 660 ശതകോടി ഡോളർ അധികമായി സർക്കാറിന് ലഭിക്കും. ഇത് യു.എസ് ജി.ഡി.പിയുടെ 2.2 ശതമാനമാണ്. ഇത്ര വലിയ നികുതി വർധന ലോക ചരിത്രത്തിലുണ്ടായിട്ടില്ല.
തൽക്കാലം ചില ബുദ്ധിമുട്ട് ഉണ്ടായാലും ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയിൽ ഉൽപാദന മേഖല ശക്തിപ്പെടുമെന്ന് ട്രംപ് കണക്കുകൂട്ടുന്നു.തീരുമാനം മേഖലയിലുടനീളം ബാധകമാണെങ്കിലും അതിന്റെ ഫലങ്ങൾ എല്ലാ രാജ്യക്കാർക്കും തുല്യ തോതിലായിരിക്കില്ല. അതു വെച്ചുനോക്കുമ്പോൾ ബഹ്റൈന്റെ നില അപകടകരമല്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും കയറ്റുമതി മേഖലകളും ചില അയൽ രാജ്യങ്ങളെക്കാൾ വൈവിധ്യമുള്ളതാണ്.
അമേരിക്കക്ക് പുറമേ യൂറോപ്യൻ യൂനിയൻ, ഏഷ്യ, വടക്കേ അമേരിക്ക എന്നിവരുമായി രാജ്യത്തിന് ദീർഘകാലത്തെ വ്യാപാര ബന്ധമുണ്ട്. ബഹ്റൈന്റെ പ്രധാന കയറ്റുമതി ഉൽപന്നമായ അലുമിനിയം, അൽബയുടെ ആകെ ഉൽപാദനത്തിന്റെ അഞ്ചിൽ ഒന്നിന് താഴെ ശതമാനം മാത്രമാണ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. ഉൽപാദനത്തിലധികവും മറ്റു രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്.
ഇത് ബഹ്റൈന്റെ വിതരണ ആഘാതത്തെ പരിമിതപ്പെടുത്തും. കൂടാതെ, 2006ൽ പ്രാബല്യത്തിൽ വന്ന ഒരു വ്യാപാരകരാർ അമേരിക്കയുമായി ബഹ്റൈന് ഇപ്പോഴുമുണ്ട്. അതുപ്രകാരം മിക്ക ഉൽപന്നങ്ങളെയും കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കുന്നുണ്ട്. പ്രഖ്യാപിച്ച പുതിയ താരിഫുകൾ ചെലവ് വർധിപ്പിക്കുമെങ്കിലും അപകട സാധ്യത കുറവാണ്.
ബഹ്റൈന് മേൽ സ്വന്തമായി നികുതികളൊന്നും ചുമത്തിയിട്ടില്ല, യു.എസിൽനിന്നുള്ള ഉൽപന്നങ്ങൾ അധിക നികുതികളില്ലാതെതന്നെ ബഹ്റൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നത് തുടരുന്നുമുണ്ട്. യു.എസ് സെൻസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2024ൽ ബഹ്റൈനും യു.എസും തമ്മിലുള്ള വ്യാപാരം 2.3 ബില്യൺ ഡോളറാണ്. ഇതിൽ 1.2 ബില്യൺ ഡോളർ ബഹ്റൈൻ കയറ്റുമതി ചെയ്തതും 1.1 ബില്യൺ ഡോളർ ഇറക്കുമതിയുമാണ്. പ്രധാനമായും വാഹനങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മെഷണറികൾ എന്നിവയാണ് അമേരിക്കയിൽനിന്ന് ബഹ്റൈൻ ഇറക്കുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.