മനാമ: ബഹ്റൈനിലെ പൈതൃക നഗരവും ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിലൊന്നുമായ പഴയ മുഹറഖ് സൂഖിലെ പാർക്കിങ്, ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വ്യാപാരികളിൽ നിന്നും സന്ദർശകരിൽ നിന്നും മുനിസിപ്പൽ ഉദ്യോഗസ്ഥരിൽ നിന്നും വർധിച്ചുവരുന്ന ആശങ്കകൾ പരിഗണിച്ചാണ് ഈ നീക്കം.
മുനിസിപ്പൽ പ്ലോട്ടുകൾ പണമടച്ച് പാർക്ക് ചെയ്യാവുന്ന കാർ പാർക്കിങ്ങുകളാക്കി മാറ്റാനാണ് പദ്ധതി. ഇതിനായി ബഹ്‌റൈനിലെ ദേശീയ കാർ പാർക്കിങ് ഓപ്പറേറ്ററായ അമാകിനുമായി ധാരണയിലെത്തിയതായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാനും ഏരിയ കൗൺസിലറുമായ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു.
അടുത്തിടെ നടപ്പാക്കിയ നവീകരണ പദ്ധതിയുടെ ഭാഗമായി നടപ്പാതകൾ വീതികൂട്ടുകയും അലങ്കാരച്ചെടികൾ സ്ഥാപിക്കുകയും ചെയ്തതോടെ പാർക്കിങ് സ്ഥലങ്ങൾ കുറഞ്ഞതായി വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടികൾക്ക് മുനിസിപ്പാലിറ്റി തയ്യാറായത്. അടുത്തിടെ നടത്തിയ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ഈ പ്രദേശത്തിന്റെ രൂപം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, അത് പാർക്കിംഗ് സൗകര്യം കുറക്കുകയാണുണ്ടായതെന്ന് അൽ നാർ പറഞ്ഞു. ആളുകൾക്ക് ഇപ്പോൾ കാറുകൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല, ഇത് ബിസിനസ്സുകളെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ, സൂഖിന് ചുറ്റും പരിമിതമായ എണ്ണം പണമടച്ചുള്ള പാർക്കിംഗ് സ്ലോട്ടുകൾ മാത്രമേയുള്ളൂ, അവ ബെനിഫിറ്റ്പേയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് മതിയായതല്ലെന്നും, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും സൂഖ് സന്ദർശിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും അൽ നാർ പറഞ്ഞു.
സൗദി അറേബ്യയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നും നിരവധി സന്ദർശകർ ഇവിടെ എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഏറ്റവും അടുത്തുള്ള കാർ പാർക്കുകൾ നിറഞ്ഞതും മറ്റ് പാർക്കിംഗ് സ്ഥലങ്ങൾ ദൂരെയായതുകൊണ്ടും പലരും തിരികെ പോവുകയാണ്. പാർക്കിംഗ് ഫീസ് ഒരു മണിക്കൂറിന് 200 ഫിൽസ് മാത്രമാണെങ്കിലും, സ്ഥലമില്ലാത്തത് കൊണ്ട് ആളുകളെ പിന്തിരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര പരിഹാരമെന്ന നിലയിൽ സൂഖിൽ വാലറ്റ് പാർക്കിംഗ് സേവനം ആരംഭിക്കാൻ കൗൺസിലും അമാകിനും ധാരണയായി. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും കുടുംബങ്ങൾക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും സമാധാനം നൽകാനും സഹായിക്കുമെന്നും അൽ നാർ പറഞ്ഞു. ഇതോടൊപ്പം, ദീർഘകാല പരിഹാരമെന്ന നിലയിൽ അമാകിൻ ഒരു മൾട്ടി-സ്റ്റോറി കാർ പാർക്ക് നിർമ്മിക്കുന്നുണ്ട്. സൂഖിന് സമീപമുള്ള പഴയ മുഹറഖ് പോസ്റ്റ് ഓഫീസ് സ്ഥലത്താണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. പൂർത്തിയാകുമ്പോൾ ഇത് നൂറുകണക്കിന് പുതിയ പാർക്കിംഗ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കുകയും ഗതാഗതക്കുരുക്ക് കുറക്കകുയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.