എസ്.എൻ.സി.എസ്, ബഹ്റൈൻ ബില്ലവാസ് ഭാരവാഹികൾ പത്രസമ്മേളനത്തിനിടെ -
ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) ബഹ്റൈൻ ബില്ലവാസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ട്രിബൂട്ട് ടു ബഹ്റൈൻ' എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു.നവംബർ 21ന് വൈകീട്ട് ആറിന് സൽമാബാദിലെ ഗൾഫ് എയർ ക്ലബട്ലാണ് പരിപാടി. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷ വേളയിലാണ് 'ട്രിബൂട്ട് ടു ബഹ്റൈൻ' എന്ന പേരിൽ പരിപാടി നടത്തപ്പെടുന്നത്. കേരള ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ചടങ്ങിൽ മുഖ്യാതിഥിയാകും.
കൂടാതെ, കേരള നിയമസഭ എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ, കർണാടക നിയമസഭ എം.എൽ.എ ഹരിപ്രസാദ് എന്നിവരും അതിഥികളായിരിക്കും. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, മുൻ ജനറൽ സെക്രട്ടറി ഋതംബരാനനന്ദ സ്വാമികൾ, കൂടാതെ ശിവഗിരി മഠത്തിലെ മറ്റ് സ്വാമിമാരായ സ്വാമി വീരേശ്വരാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് ആത്മീയമായ ഔന്നത്യം നൽകും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനുശ്രീയും സരിഗമപ ഫെയിം അശ്വിനും എത്തുന്നുണ്ട്. ആദ്യ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷിക പശ്ചാത്തലത്തിൽ, നൂറ് അംഗങ്ങൾ പങ്കെടുക്കുന്ന ദൈവദശകം ആലാപനവും ബഹ്റൈനിലെ പ്രാദേശിക കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ ദൃശ്യവിരുന്നുകളും ഉണ്ടാകും.
ജനറൽ കോഡിനേറ്ററായ സുരേഷ് കരുണാകരൻ, ജനറൽ കൺവീനർമാരായ സുനീഷ് സുശീലൻ, ഹരീഷ് പൂജാരി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ബഹ്റൈനിലെ സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടനകളിൽ എന്നും മുന്നിൽ നിൽക്കുന്ന എസ്.എൻ.സി.എസ്, ബഹ്റൈൻ ബില്ലവാസ് എന്നിവയുടെ തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയായിരിക്കും ഇതെന്ന് വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.