ട്രാഫിക് അധികൃതർ പിടിച്ചെടുത്ത സ്ക്രാപ്പുമായി പോയ വാഹനങ്ങൾ
മനാമ: ട്രാഫിക് നിയമലംഘനങ്ങൾ വർധിക്കുന്നത് ഗൗരവമായി കാണുമെന്ന് ഗതാഗത മന്ത്രാലയം. ഗതാഗത നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസി ഡ്രൈവർമാർ നാടുകടത്തൽ അടക്കം നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ട്രാഫിക് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. നിയമലംഘകരെ പിടികൂടിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ വിചാരണ കാത്തുകിടക്കുകയാണ്. അവയിൽ തീർപ്പുകൽപിച്ചിട്ടില്ല. ഉടനടി ഇത്തരം കേസുകളിൽ തീർപ്പുകൽപിക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത നിയമലംഘനങ്ങൾ അടുത്തിടെയായി വർധിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
നിയമലംഘനങ്ങൾ ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണിയാണ്. അമിത വേഗത, അപകടകരമായ ഓവർടേക്കിങ്, തുടങ്ങിയവയാണ് സാധാരണ കണ്ടുവരാറുള്ള നിയമലംഘനങ്ങൾ. ഇതുകൂടാതെ ലെയിൻ ട്രാഫിക് ലംഘിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഒരു ലെയിനിൽകൂടി വരുന്ന വാഹനം പെട്ടെന്ന് മറ്റൊരു ലെയിനിലേക്ക് മാറുന്നത് വലിയ അപകടത്തിന് കാരണമാകും. തിരക്കിട്ടുള്ള യാത്ര ചിലപ്പോൾ അവസാനയാത്രയായി മാറാറുണ്ട്. വാഹനം ഉപയോഗിക്കുന്നവർ മാത്രമല്ല നിരപരാധികളും അപകടത്തിൽപെടുന്നു എന്നതാണ് മറ്റൊരു വശം. സിഗ്നലുകൾ അവഗണിക്കുന്നത് അടുത്തിടെയായി വർധിച്ചിരുന്നു. യെല്ലോ സിഗ്നൽ കണ്ടാൽ വാഹനം നിർത്തിയിടുകയാണ് വേണ്ടത്. അതിനുപകരം അത് അവഗണിച്ച് മുന്നോട്ടുപോകുന്നത് ഗുരുതര ഭവിഷ്യത്തുകൾക്കിടയാക്കും.
ഇരുചക്ര വാഹനയാത്രികർ വ്യാപകമായി നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഭക്ഷ്യ വിതരണം നടത്തുന്ന കമ്പനികളുടെ ജീവനക്കാർക്ക് ഈ വിഷയത്തിൽ ബോധവത്കരണമുൾപ്പെടെ ട്രാഫിക് ഡയറക്ടറേറ്റ് നൽകിയിരുന്നു.
ഈ കമ്പനികളിലെത്തിയാണ് ട്രാഫിക് ഉദ്യോഗസ്ഥർ ബോധവത്കരണ ക്ലാസെടുത്തത്. നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ കേസ് നടപടികൾ പൂർത്തിയായാലേ വിട്ടുനൽകുകയുള്ളു. കഴിഞ്ഞ ദിവസം അപകടകരമായ രീതിയിൽ സ്ക്രാപ്പുമായി പോയ ലോറികൾ ട്രാഫിക് അധികൃതർ പിടിച്ചെടുത്തിരുന്നു. സ്ക്രാപ് മെറ്റീരിയൽസ് കവർ ചെയ്യാതെയാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്.
വാഹന ഡ്രൈവർമാർ നിയമലംഘനം നടത്തിയതിന്റെ വ്യക്തമായ തെളിവുണ്ടെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇത് റോഡ് ഉപയോഗിക്കുന്ന മറ്റ് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് ശക്തമായ നടപടികൾ സ്വീകരിച്ചത്. ഇതു കൂടാതെയാണ് അനധികൃത പാർക്കിങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ. അടിയന്തര പാതകളിൽപോലും ഇത്തരം പാർക്കിങ് കാണപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും നിയമലംഘകരെ പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.