ഇലക്ട്രിക് സ്കൂട്ടറുകൾ
അധികൃതർ പിടിച്ചെടുക്കുന്നു
മനാമ: രാജ്യത്തുടനീളം ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നടപടികൾ ഊർജിതമാക്കി. പ്രധാന റോഡുകളിലോ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതകളിലോ റോഡിന്റെ ഓരങ്ങളിലോ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കൂടാതെ പ്രധാന റോഡുകളിൽ ഉപയോഗിച്ച നിരവധി സ്കൂട്ടറുകൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം പ്രവണതകൾ സ്കൂട്ടർ യാത്രക്കാർക്ക് മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കുകയും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
തുടർച്ചയായ ബോധവത്കരണ കാമ്പയിനുകളിലൂടെയും കർശനമായ നിയമനടത്തിപ്പുകളിലൂടെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. അപകടങ്ങളും പരിക്കുകളും ഒഴിവാക്കാൻ, ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ട്രാഫിക് മാർഗനിദേശങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് ഉപയോക്താക്കളോട് അഭ്യർഥിച്ചു.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്കൂട്ടറുകൾ കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.