മനാമ: റമദാനിൽ പരമ്പരാഗത ബഹ്റൈനി ഫുഡ് ഫെസ്റ്റിവലുമായി മുഹറഖ് പഴയ സൂഖ്. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാനും ഏരിയ കൗൺസിലറുമായ അബിദുൽ അസീസ് അൽ നാർ പ്രഖ്യാപിച്ച പരിപാടി ബുധനാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. ബഹ്റൈനിലെ ഏറ്റവും അമൂല്യവും പൈതൃകം നിറഞ്ഞതുമായ മുഹറഖ് സൂഖിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതിനോടൊപ്പം വിഭവസമൃദ്ധമായ ബഹ്റൈനി പരമ്പരാഗത ഭക്ഷണങ്ങൾ പ്രദർശിപ്പിക്കുക എന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. റമദാനിലെ രാവുകളെ ഭക്ഷണപ്രേമികൾക്ക് അവിസ്മരണീയമാക്കാൻ മികച്ച സ്ട്രീറ്റ് ഫുഡുകൾ, കൈകൊണ്ട് നിർമിച്ച മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ ഫെസ്റ്റിൽ ഒരുക്കും. ബുധനാഴ്ചമുതൽ റമദാൻ മുഴുവനും നടക്കുന്ന ആഘോഷം വൈകീട്ട് ഏഴിന് തുടങ്ങി അർധരാത്രിവരെ പരിപാടികൾ നടക്കും.
2012ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ പഴയ മുഹറഖ് സൂഖ് ബഹ്റൈന്റെ ചരിത്രത്തെയും സാംസ്കാരിക പ്രാധാന്യത്തെയും പ്രകടമാക്കിയാണ് നിലകൊള്ളുന്നത്. കഴിഞ്ഞ ഡിസംബറിൽ മുഹറഖ് നൈറ്റ്സ് സംഘടിപ്പിച്ചതിലൂടെ സൂഖിലേക്ക് കൂടുതൽ ആളുകൾ സന്ദർശകരായെത്തിയിരുന്നു. റമദാനിൽ ഫുഡ്ഫെസ്റ്റ് കൂടി കൊണ്ടുവരുന്നതിലൂടെ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളത്. ബഹ്റൈന്റെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഹൃദയമാണ് മുഹറഖെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക കച്ചവടക്കാർ, കുടുംബങ്ങളായും അല്ലാതെയുമുള്ള ചെറുകിട കച്ചവടക്കാർ എന്നിവർ ഫുഡ്ഫെസ്റ്റിൽ സ്റ്റാളുകളുമായുണ്ടാകും. തത്സമയ പാചകവും പരമ്പരാഗത സംഗീതവേദികളും മേളയുടെ പെരുമ വർധിപ്പിക്കും. ഇതിലൂടെ സന്ദർശകർക്ക് സൂഖിന്റെ പൈതൃകവും സംസ്കാരവും അനുഭവിക്കാനാകും. ബഹ്റൈനി വിഭവമായ മജ്ബൂസ്, ബാലലീത്, ലുഖൈമാറ്റ്, സാഗോ പുഡ്ഡിങ് തുടങ്ങി നിരവധി പൈതൃക പ്രാദേശിക വിഭവങ്ങളാണ് സന്ദർശകർക്കായി ഒരുക്കുക. ഒരു ജനതയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് പാചകരീതിയെന്നും ഏരിയ കൗൺസിലർ പറഞ്ഞു.
ഈ വിഭവങ്ങളെല്ലാം പരമ്പരാഗതമായി ബഹ്റൈനി വീടുകളിൽ സുലഭമായി ഉണ്ടായിരുന്നതാണ്. പുതിയ തലമുറക്ക് അന്യം നിന്നുപോകുന്ന ഇത്തരം വിഭവങ്ങൾ പരിചയപ്പെടുത്തുകയും മികച്ച ആസ്വാദന അനുഭവം സമ്മാനിക്കുകയും ചെയ്യുന്നതിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നു. വിദേശികൾക്ക് ബഹ്റൈന്റെ രുചികൾ അനുഭവിക്കാൻ ഫുഡ്ഫെസ്റ്റിലൂടെ സാധ്യമാകും.
വീടുകളിൽ തയാറാക്കുന്ന ഭക്ഷണവിഭവങ്ങൾ വീട്ടമ്മമാർക്ക് പൊതുയിടത്തിൽ പ്രദർശിപ്പിക്കാനും രുചിയെ പരിചയപ്പെടുത്താനുമുള്ള അവസരമാണിതെന്നും റമദാനിലെ ഫുഡ് ഫെസ്റ്റിവൽ ഇത് അതിന്റെ ആദ്യഘട്ടമാണ്, തുടർന്നുള്ള വർഷങ്ങളിൽ ഒരു വാർഷിക ഉത്സവമായി തുടരുമെന്നും സാംസ്കാരിക ടൂറിസത്തിനുള്ള പ്രധാനയിടമായി മുഹറഖ് സൂഖിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.