സയൻ ഫാരിഹ സഹീർ,ജിയാന മറിയം
മനാമ: പത്തൊൻപതാമത് ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരത്തിന്റെ ബഹ്‌റൈൻ തല വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് പ്രായപരിധികളിലായി നടന്ന മത്സരത്തിൽ രണ്ട് പ്രധാന വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനികൾ മികച്ച നേട്ടം കൈവരിച്ചു. 'ഭാവിയിലെ സ്വപ്ന വാഹനം' എന്ന പ്രമേയത്തിൽ ജനുവരി 5 മുതൽ ഫെബ്രുവരി 5 വരെയായിരുന്നു മത്സരം. 7 വയസ്സിൽ താഴെ, 8-11 വയസ്സ്, 12-15 വയസ്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾ തങ്ങളുടെ ഭാവനകൾ കാൻവാസിൽ പകർത്തിയത്.
ബഹ്‌റൈനിൽ നിന്നുള്ള വിജയികളെ മിഡിൽ ഈസ്റ്റ് - ആഫ്രിക്ക റീജിയണൽ മത്സരത്തിലേക്കും തുടർന്ന് ആഗോളതലത്തിലുള്ള ഫൈനലിലേക്കും തിരഞ്ഞെടുത്തു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും മലയാളിയുമായ സയൻ ഫാരിഹ സഹീറാണ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. തൃശൂർ കുന്നംകുളം സ്വദേശിയും ബഹ്‌റൈൻ എക്സ്പ്രസ് ട്രാവൽസ് ആൻഡ് ടൂർസ് റിഫ ബ്രാഞ്ച് മാനേജറുമായ അബ്ദുൽ സഹീറിന്റെയും സമീറയുടെയും മകളാണ് ഫാരിഹ.
ന്യൂ മില്ലേനിയം സ്കൂളിലെ കെ.ജി വിദ്യാർത്ഥിനി ജിയാന മറിയം ജെറി ഏഴ് വയസ്സിന് താഴെ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. തൃശൂർ ഒളരിക്കര സ്വദേശി ജെറി മുണ്ടശ്ശേരിയുടെയും റിനു ഡേവിഡിന്റെയും മകളാണ് ജിയാന. മറ്റു വിഭാഗങ്ങളിലായി ബഹ്‌റൈൻ, ഫിലിപ്പീൻസ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സമ്മാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.